Football in Malayalam

മെസിയുടെ കരാർ പുതുക്കാനുള്ള വഴികൾ കണ്ടെത്താനാവാതെ ബാഴ്‌സ, ആശങ്കയുണ്ടെന്ന് കൂമാൻ

Sreejith N
FC Barcelona v Athletic Club - Supercopa de Espana Final
FC Barcelona v Athletic Club - Supercopa de Espana Final / David Ramos/Getty Images
facebooktwitterreddit

ജൂൺ മുപ്പതു മുതൽ ഫ്രീ ഏജന്റായി മാറിയ ലയണൽ മെസിയുടെ കരാർ പുതുക്കാൻ ബാഴ്‌സലോണക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ലയണൽ മെസി അടുത്ത സീസണിലും ബാഴ്‌സയിൽ തന്നെ തുടരുമെന്ന് ക്ലബിന്റെ പ്രസിഡന്റ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും താരത്തിന്റെ കരാർ പുതുക്കുന്നതിൽ വളരെയധികം സങ്കീർണതകൾ നേരിടുന്നുണ്ടെന്നതാണ് സത്യം.

കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ ബാഴ്‌സലോണക്ക് അവരുടെ വേതന ബില്ലുകൾ കുറക്കേണ്ടത് അത്യാവശ്യമാണ്. മെസി കഴിഞ്ഞ സീസണിൽ വാങ്ങിയ പ്രതിഫലത്തിൽ നിന്നും അൻപതു ശതമാനം വെട്ടിക്കുറക്കാൻ തയ്യാറാണെങ്കിലും അതംഗീകരിച്ച് താരത്തിന് പുതിയ കരാർ നൽകാൻ നിലവിലുള്ള താരങ്ങളിൽ പലരെയും ബാഴ്‌സക്ക് ഒഴിവാക്കേണ്ടി വരും.

"കാര്യങ്ങൾ ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെങ്കിൽ തീർച്ചയായും ആശങ്കകൾ ഉണ്ടാകും. ബാഴ്‌സലോണ പ്രസിഡന്റ് ഇക്കാര്യം പരിഹരിക്കുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. ലോകത്തിലെ ഏറ്റസും മികച്ച താരത്തെ നിലനിർത്തേണ്ടത് ക്ലബിനും ലീഗിനും ആവശ്യമുള്ള കാര്യമാണ്. എല്ലാവരും അതിനു വേണ്ടി ശ്രമിക്കണം."

"ലപോർട്ട എന്നോട് ശാന്തനായിരിക്കാൻ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ അവർ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതു കൊണ്ട് താരത്തെ കുറച്ചധികം വർഷങ്ങൾ കൂടി നിലനിർത്താൻ കഴിയുമെന്നു വിശ്വാസിക്കുന്നു. അടുത്ത സീസണു മുൻപ് ഏതൊക്കെ താരങ്ങളെയാണ് നമുക്ക് ലഭിക്കുകയെന്ന് അറിയേണ്ടതും പ്രധാനമാണ്." ഒരു ഗോൾഫ് ഇവന്റിനിടെ കൂമാൻ പറഞ്ഞു.

അടുത്ത സീസണു മുന്നോടിയായി സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ, മെംഫിസ് ഡീപേയ്, എമേഴ്‌സൺ എന്നീ താരങ്ങളെ ബാഴ്‌സ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും വേതനബിൽ കുറക്കാൻ കഴിയാത്തതിനാൽ അവരെ ഇതുവരെയും ലാ ലിഗയിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. കുട്ടീന്യോ, ഉംറ്റിറ്റി, പ്യാനിച്ച് എന്നിങ്ങനെ നിരവധി താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ബാഴ്‌സ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

facebooktwitterreddit