ലാ ലിഗയിലെ പ്രധാന മൂന്ന് എതിരാളികളേക്കാൾ മികച്ചതാണ് ബാഴ്‌സയെന്നു കരുതുന്നില്ലെന്ന് റൊണാൾഡ്‌ കൂമാൻ

Sreejith N
FC Barcelona v Getafe CF - La Liga Santander
FC Barcelona v Getafe CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

ലാ ലിഗ കിരീടപ്പോരാട്ടത്തിൽ ഒപ്പമുള്ള മൂന്നു ടീമുകളേക്കാൾ മികച്ചതാണു ബാഴ്‌സലോണയെന്നു കരുതുന്നില്ലെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ഗെറ്റാഫയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് കിരീടപ്രതീക്ഷകൾ സജീവമാക്കിയതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൂമാൻ ഇക്കാര്യം പറഞ്ഞത്. ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണെങ്കിലും ഇനി ബാക്കിയുള്ള ഏഴു മത്സരങ്ങൾ ബാഴ്‌സക്ക് വിജയിക്കാനായാൽ കിരീടം സ്വന്തമാക്കാൻ കഴിയും.

"റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, സെവിയ്യ എന്നിവരേക്കാൾ കരുത്തുറ്റ ടീമാണ് ഞങ്ങളെന്നു കരുതുന്നില്ല. അവർ മത്സരങ്ങൾ വിജയിക്കുന്നുണ്ട്, ഞങ്ങൾക്കും കടുപ്പമേറിയ മത്സരങ്ങൾ ബാക്കിയുണ്ട്. കിരീടപ്പോരാട്ടം അവസാന ദിവസം വരെ നീണ്ടു നിൽക്കും," കൂമാൻ പറഞ്ഞു.

മത്സരത്തിൽ ഇരട്ടഗോളുകളും അസിസ്റ്റും സ്വന്തമാക്കിയ മെസി ബാഴ്‌സലോണ വിടുമോയെന്ന ചോദ്യത്തിന് കൂമാന്റെ മറുപടി ഇങ്ങിനെയായിരുന്നു. "ഞാൻ ലിയോയോട് ഇക്കാര്യം സംസാരിച്ചാലും നിങ്ങളോട് പറയാൻ പോകുന്നില്ല. തീരുമാനം താരത്തിന്റെ കയ്യിലാണ്. മെസി തന്റെ ശ്രദ്ധ ഒരിക്കലും നഷ്ടപ്പെടാതെ നോക്കുന്നുണ്ട്, അത് നഷ്ടപ്പെട്ടാൽ പോലും നിങ്ങൾക്കത് മനസിലാക്കാൻ കഴിയില്ല.

"മെസിയെ ടീമിനു വേണം, അദ്ദേഹം ഇന്നും ടീമിൽ നിർണായക സാന്നിധ്യമായിരുന്നു. താരം വളരെയധികം വർഷങ്ങൾ ടീമിനൊപ്പം തുടരുമെന്നാണ് ഞാൻ കരുതുന്നത്," കൂമാൻ വ്യക്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിൽ മെസി ഇരട്ടഗോളുകൾ നേടിയതിനു പുറമെ റൊണാൾഡ്‌ അറഹോ, ഗ്രീസ്മാൻ എന്നിവരാണ് ബാഴ്‌സയുടെ മറ്റു ഗോളുകൾ നേടിയത്. ഒരെണ്ണം സെല്ഫ് ഗോളായിരുന്നു. മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ പ്രതിരോധ നിര ഒന്നുകൂടി കരുത്തുറ്റ പ്രകടനം നടത്തേണ്ടത് കിരീടം നേടാൻ ബാഴ്‌സക്ക് അനിവാര്യമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit