Kerala Blasters

അടുത്ത സീസണിലെ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകും

Haroon Rasheed
Kochi will host Kerala Blasters' ISL home games next season
Kochi will host Kerala Blasters' ISL home games next season / SAJJAD HUSSAIN/GettyImages
facebooktwitterreddit

ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് അടുത്ത സീസണില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. 2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നീളുന്ന ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയില്‍ 10 മത്സരങ്ങള്‍ നടക്കും. ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടത്താനുള്ള നീക്കങ്ങളും അധികൃതര്‍ നടത്തുന്നുണ്ട്.

കൊവിഡ് കാരണം രണ്ട് സീസണുകളിലായി ഗോവയില്‍ മാത്രമായിരുന്നു ഐ.എസ്.എല്‍ മത്സരങ്ങള്‍ നടത്തിയിരുന്നത്. കൂടാതെ കൊവിഡ് കാരണം കാണികള്‍ക്ക് പ്രവേശനം ഇല്ലാതെയായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. നിലവില്‍ കാണികള്‍ക്ക് വിലക്കില്ലാത്തതിനാല്‍ പൂര്‍ണമായും കാണികള്‍ക്ക് അനുമതി നല്‍കിയായിരിക്കും അടുത്ത സീസണിലെ മത്സരം നടക്കുക.

ഐ.എസ്.എല്ലിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ഓഗസ്റ്റില്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തി പരിശീലനം നടത്തുമെന്ന് ക്ലബ് അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജി.സി.ഡി.എയുടെ സഹായവും സഹകരണവും തുടര്‍ന്നും നല്‍കും.

സ്റ്റേഡിയം പരിസരം കൂടുതല്‍ ആകര്‍ഷകമാക്കുക, അശാസ്ത്രീയമായ പാര്‍ക്കിങ് നിയന്ത്രിക്കാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുക എന്നിവ ജി.സി.ഡി.എ അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജി.സി.ഡി.എ നല്‍കും.

ജി.സി.ഡി.എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് എന്നിവര്‍ ജി.സി.ഡി.എ യിലെയും കേരള ബ്ലാസ്റ്റേഴ്‌സിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യങ്ങള്‍ ധാരണയിലായത്


facebooktwitterreddit