Football in Malayalam

ഇത്രയും മികച്ച ക്ലബാണെന്ന് അറിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ ലിവർപൂളിലേക്ക് വരുമായിരുന്നുവെന്ന് യർഗൻ ക്ളോപ്പ്

Sreejith N
Liverpool v Leicester City  - Carabao Cup Quarter Final
Liverpool v Leicester City - Carabao Cup Quarter Final / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ലിവർപൂൾ ഇത്ര മികച്ച ക്ലബാണെന്നും, തനിക്ക് ഇത്രയധികം അടുപ്പം അവരോട് ഉണ്ടാകുമെന്നും അറിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ ഇവിടെയെത്താൻ താൻ ശ്രമിക്കുമായിരുന്നുവെന്ന് പരിശീലകനായ യർഗൻ ക്ളോപ്പ്. ഇന്നലെ ലൈസ്റ്റർ സിറ്റിയുമായി നടന്ന ആവേശകരമായ കറബാവോ കപ്പ് മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ക്ളോപ്പ് ഇങ്ങിനെയൊരു പ്രതികരണം നടത്തിയത്.

യുവതാരങ്ങളെ ഉൾപ്പെടുത്തി ലൈസ്റ്റർ സിറ്റിക്കെതിരെ ടീമിനെ ഇറക്കിയ ലിവർപൂൾ ഒരു ഘട്ടത്തിൽ പരാജയത്തെ തുറിച്ചു നോക്കിയതായിരുന്നു. മത്സരം തൊണ്ണൂറു മിനുട്ട് കഴിഞ്ഞപ്പോഴും രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായിരുന്നു അവരെ രക്ഷിച്ചത് ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ മിനാമിനോ നേടിയ ഗോളാണ്. അതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ രണ്ടു സേവുകൾ നടത്തി കെല്ലഹർ ടീമിന്റെ ഹീറോ ആയപ്പോൾ ലിവർപൂൾ സെമിയിലേക്ക് മുന്നേറുകയായിരുന്നു.

മത്സരത്തിനു ശേഷം ആരാധകർ നൽകിയ പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോൾ ക്ളോപ്പിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "അവരുടെ ജീവിതത്തിലെ മറ്റു കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ എത്രത്തോളം വലുതാണെന്ന് എനിക്ക് കൃത്യമായി അറിയില്ലെങ്കിലും അവർ നൽകുന്ന ഉത്തരവാദിത്വം ഞങ്ങൾ അനുഭവിക്കുന്നുണ്ട്. അതിൽ നിന്നും ലഭിക്കുന്ന ഉത്തേജനം അനുഭവപ്പെടുന്നു. വളരെ സവിശേഷമായ ക്ലബാണിത്, ഞങ്ങൾ ചെയ്യുന്നതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്, ഇതെപ്പോഴും എളുപ്പമല്ല."

"ഞങ്ങൾ ഇതൊരു അവസരമായാണ് കാണുന്നത്. ഇത്രയും ആളുകൾ ഞങ്ങളുടെ പുറകിലുണ്ടെന്നത് ഒരു നേട്ടമാണ്. അതിനെ ഞാൻ വളരെ ഇഷ്‌ടപ്പെടുന്നു. സത്യസന്ധമായി പറഞ്ഞാൽ ഈ ക്ലബ് ഇത്രത്തോളം നല്ലതാണെന്നും, ഞങ്ങൾ പരസ്‌പരം എത്രമാത്രം വിലമതിക്കുന്നു എന്നും നേരത്തെ അറിയാമായിരുന്നെങ്കിൽ ഞാൻ വളരെ നേരത്തെ ഇവിടെയെത്താൻ ആഗ്രഹിക്കുമായിരുന്നു. എന്നാൽ ഇതൊരു ഗംഭീര അനുഭവം തന്നെയാണ്." ക്ളോപ്പ് പറഞ്ഞു.

2015ൽ പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം ക്ളോപ്പിനു കീഴിൽ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ സംഘമായി ലിവർപൂൾ മാറിയിട്ടുണ്ട്. ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ സഹായിച്ച അദ്ദേഹം ഒരു വർഷം പിന്നിട്ടപ്പോൾ പ്രീമിയർ ലീഗ് ട്രോഫിയും റെഡ്‌സിന്റെ കൂടാരത്തിലെത്തിച്ചു. 2024 വരെ കരാറുള്ള ജർമൻ പരിശീലകനു കീഴിൽ ഇത്തവണയും മികച്ച ഫോമിലാണ് ലിവർപൂൾ കളിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit