പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച ലൂയിസ് ഡയസിനെ പ്രശംസ കൊണ്ടു മൂടി ക്ളോപ്പ്


ലൈസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിലൂടെ ലിവർപൂളിനായി പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച ലൂയിസ് ഡയസിനെ പ്രശംസ കൊണ്ടു മൂടി പരിശീലകൻ യർഗൻ ക്ളോപ്പ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലിവർപൂൾ വിജയം നേടിയ കളിയിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ കൊളംബിയൻ താരത്തിന് ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഒരു ലിവർപൂൾ കളിക്കാരനായി ഡയസ് വളരെ വേഗത്തിൽ മാറിയെന്നാണ് ക്ളോപ്പ് മത്സരത്തിനു ശേഷം പറഞ്ഞത്.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും മാനെക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ലെഫ്റ്റ് വിങ്ങിൽ കളിച്ച താരം ലിവർപൂളിന്റെ ആക്രമണത്തിൽ നിർണായക സാന്നിധ്യമായിരുന്നു. രണ്ടു പകുതികളിലുമായി ജോട്ടയാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയതെങ്കിലും വേഗതയും പന്തടക്കവും ഫൈനൽ തേർഡിൽ തീരുമാനമെടുക്കാനുള്ള മികവുമെല്ലാം താരത്തിന്റെ പ്രകടനത്തെ മികവുറ്റതാക്കി.
"That is exactly the impression he made in training"#LFC https://t.co/xpcu14omI7
— Liverpool FC News (@LivEchoLFC) February 10, 2022
"ഇതേ മതിപ്പു തന്നെയാണ് താരം പരിശീലനത്തിലും ഉണ്ടാക്കിയത്, അതു കൊണ്ട് ഒന്നു ശ്രമിച്ചു നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. താരം പോർട്ടോയിൽ കളിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു വേണ്ടതും ഇതു തന്നെയാണെന്നാണു കരുതിയത്. അതിലുപരിയായി വളരെ വിവേകമുള്ള ഒരു ഫുട്ബോൾ കളിക്കാനാണ് താരം. ഒരു ലിവർപൂൾ കളിക്കാരനെപ്പോലെ തന്നെ തോന്നി."
"സാഹചര്യങ്ങളും ഇതിലേക്ക് നയിച്ചു. സാഡിയോ മാനെ കഴിഞ്ഞ ദിവസം എത്തിയെങ്കിലും ഇപ്പോഴും ബെഡിൽ തന്നെയായിരിക്കും. സലാ നാലു തവണ 120 മിനുട്ട് കളിച്ചതിനാൽ സ്റ്റാർട്ട് ചെയ്യില്ലെന്ന് ഉറപ്പായിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ക്ളോപ്പ് പറഞ്ഞു.
ആഫ്കോൺ ഫൈനലിലെ തോൽവിക്കു ശേഷം ലിവർപൂളിലേക്ക് തിരിച്ചു വന്ന സലാ മത്സരത്തിന്റെ അറുപതാം മിനുട്ടിൽ ഇറങ്ങി മികച്ച പ്രകടനം നടത്തിയിരുന്നു. പ്രീമിയർ ലീഗിലെ ടോപ് സ്കോററായ താരം രണ്ടു തവണ ഗോളിനടുത്ത് എത്തിയെങ്കിലും ഒരിക്കൽ പോസ്റ്റും പിന്നീട് ഷ്മൈഷെലും അതിനെ തടഞ്ഞു. മാനെ കൂടി എത്തിയാൽ ലിവർപൂളിന്റെ ശക്തി കൂടുതൽ വർധിക്കും എന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.