കഴിഞ്ഞത് ആദ്യപകുതി മാത്രം, അപകടമൊഴിവായിട്ടില്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ളോപ്പ്


വിയ്യാറയലിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയെങ്കിലും അപകടമൊഴിവായിട്ടില്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ളോപ്പ്. വിയ്യാറയലിന്റെ മൈതാനത്തു വെച്ചു നടക്കാനിരിക്കുന്ന രണ്ടാംപാദ മത്സരത്തിൽ ബുദ്ധിമുട്ടേറിയ അന്തരീക്ഷമായിരിക്കും ലിവർപൂളിനെ കാത്തിരിക്കുകയെന്ന മുന്നറിയിപ്പും ക്ളോപ്പ് നൽകി.
കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞ് ലിവർപൂളിനെതിരെ കളിച്ച വിയ്യാറയൽ അൻപത്തിമൂന്നാം മിനുട്ട് വരെയും ഗോൾ വഴങ്ങാതെ പിടിച്ചു നിന്നിരുന്നെങ്കിലും പ്രതിരോധതാരം എസ്തുപ്പിനാൻ വഴങ്ങിയ സെൽഫ് ഗോൾ കളിയുടെ ഗതി മാറ്റി, രണ്ടു മിനിറ്റിനകം തന്നെ സലായുടെ അസിസ്റ്റിൽ നിന്നും സാഡിയോ മാനെ കൂടി ഗോൾ നേടിയതോടെ ആദ്യപാദത്തിൽ ഭദ്രമായൊരു ഫലമുണ്ടാക്കാൻ ലിവർപൂളിനായി.
"എനിക്ക് ആദ്യപകുതി വളരെയധികം ഇഷ്ടമായി, പക്ഷെ ഞങ്ങൾക്ക് ഗോളിന്റെ അഭാവമുണ്ടായിരുന്നു. അവർ സമ്മർദ്ദം ചെലുത്തി ഞങ്ങൾക്ക് ഭീഷണിയുയർത്താൻ ശ്രമിച്ചെങ്കിലും മത്സരം നല്ല രീതിയിൽ നിയന്ത്രിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. പക്ഷെ 2-0 എന്നത് ഒരു അപകടകരമായ സ്കോർലൈനാണ്, ഈ മത്സരം പകുതിസമയം മാത്രമേ പൂർത്തിയായിട്ടുള്ളൂ."
"ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ആദ്യപകുതി പോലെ തന്നെ രണ്ടാം പകുതിയും കളിക്കേണ്ടതുണ്ട്. രണ്ടു ഗോളുകൾക്ക് മുന്നിലാണെങ്കിലും ബുദ്ധിമുട്ടേറിയ അന്തരീക്ഷമാകും അവിടെ കാത്തിരിക്കുന്നത്. അതു വ്യത്യസ്തമായിരിക്കും. ഈ ടീം പരിശീലകനു വേണ്ടി പൊരുതുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, അവർ ഫൈനലിൽ എത്തുന്നതിനു വേണ്ടിയും പൊരുതുമെന്ന കാര്യം ഉറപ്പാണ്." ക്ളോപ്പ് പറഞ്ഞു.
മത്സരത്തിൽ രണ്ടാം ഗോൾ നേടി ഈ സീസണിൽ ഇരുപതു ഗോൾ കുറിച്ച മാനെ മികച്ചൊരു സീസണാണ് കളിച്ചു കൊണ്ടിരിക്കുന്നതെന്നും ക്ളോപ്പ് പറഞ്ഞു. എന്നാൽ ബാലൺ ഡി ഓറിന്റെ കാര്യത്തിൽ തനിക്ക് അഭിപ്രായമൊന്നും ഇല്ലെന്നും അതു വിജയിക്കാൻ കിരീടങ്ങൾ നേടേണ്ടത് അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.