"ഹോട്ടൽ ബുക്ക് ചെയ്യൂ"- ലിവർപൂൾ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഉണ്ടാകുമെന്ന ഉറപ്പു നൽകി ക്ലോപ്പ്


ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് കീഴടങ്ങിയെങ്കിലും ലിവർപൂൾ അടുത്ത സീസണിലെ ഫൈനലിൽ ഉണ്ടാകുമെന്ന ഉറപ്പ് ആരാധകർക്കു നൽകി പരിശീലകൻ യർഗൻ ക്ലോപ്പ്. ഇസ്താംബുളിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്യാനാണ് ക്ലോപ്പ് പറയുന്നത്. ചാമ്പ്യൻസ് ലീഗിൽ തോൽവി വഴങ്ങിയെങ്കിലും ലിവർപൂളിന്റെ ഈ സീസൺ മികച്ചതായിരുന്നു എന്നും ക്ലോപ്പ് അഭിപ്രായപ്പെട്ടു.
മത്സരത്തിൽ ആധിപത്യം പുലർത്തിയ ലിവർപൂൾ ഇരുപത്തിനാല് ഷോട്ടുകളോളം ഉതിർത്തെങ്കിലും റയൽ മാഡ്രിഡ് പ്രതിരോധവും ഗോൾകീപ്പർ ക്വാർട്ടുവയുടെ മിന്നുന്ന പ്രകടനവും അവർക്ക് വിലങ്ങുതടിയായി. മത്സരത്തിന്റെ അൻപത്തിയൊമ്പതാം മിനുട്ടിൽ ഒരു ത്രോ ഇന്നിൽ തുടങ്ങിയ നീക്കത്തിൽ നിന്നും വിനീഷ്യസാണ് റയൽ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്.
"Where's the final next year? Istanbul? Book the hotel."
— Football on BT Sport (@btsportfootball) May 28, 2022
Jürgen Klopp's message to the Liverpool fans ✊
🎙 @TheDesKelly | #UCLfinal pic.twitter.com/Fe2JN9hiAf
"ഇതൊരു മികച്ച സീസൺ ആയിരുന്നുവെന്ന് ഡ്രസിങ് റൂമിൽ ആർക്കുമിപ്പോൾ തോന്നുന്നില്ല. അതിനു ഇനിയും കുറച്ച് സമയം കൂടി വേണ്ടി വന്നേക്കും. ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്, എങ്കിലും എല്ലാം തികഞ്ഞതായിരുന്നില്ല. എന്നാൽ ഡീപ് ഫോർമേഷനിൽ കളിക്കുന്ന ഒരു ടീമിനെതിരെ തികഞ്ഞ രീതിയിൽ കളിക്കാനും സാധ്യമല്ല."
"ഞങ്ങൾ ഒരുപാട് ഷോട്ടുകൾ ഉതിർത്തെങ്കിലും അതൊന്നും കൃത്യത ഉള്ളതായിരുന്നില്ല. ക്വാർട്ടുവ രണ്ടു മികച്ച സേവുകൾ നടത്തി. ഞങ്ങൾ ഗോൾ വഴങ്ങിയത് ഒരു ത്രോ ഇന്നിൽ നിന്നായിരുന്നു. വാൽവെർദെ ഷോട്ടിനാണ് ശ്രമിച്ചതെങ്കിലും വിനീഷ്യസ് അവിടെ ഉണ്ടായിരുന്നു."
"ഞങ്ങൾ തിരിച്ചു വരുമെന്ന ഉറപ്പ് എനിക്കുണ്ട്. ഈ കളിക്കാർ വളരെ മത്സരബുദ്ധിയുള്ളവരാണ്. വളരെ മികച്ചൊരു ഗ്രൂപ്പാണിവർ. അടുത്ത സീസണിലും അതിനേക്കാൾ മികച്ചൊരു ഗ്രൂപ്പ് ഉണ്ടായിരിക്കും. അടുത്ത സീസണിൽ ഇതെവിടെയാണ്? ഇസ്താംബുൾ? ടിക്കറ്റുകൾ ബുക്ക് ചെയ്യൂ." ക്ലോപ്പ് പറഞ്ഞു.
ലിവർപൂൾ പരിശീലകനായതിനു ശേഷം ഇതു രണ്ടാം തവണയാണ് ക്ലോപ്പ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് കീഴടങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം നഷ്ടമായെങ്കിലും കറബാവോ കപ്പ്, എഫ്എ കപ്പ് എന്നീ ആഭ്യന്തര കിരീടങ്ങൾ ലിവർപൂളിന് സ്വന്തമാക്കാൻ കഴിഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.