പരിചയസമ്പത്തും ചരിത്രവും റയലിന് ചാമ്പ്യൻസ് ലീഗ് നേടാൻ കൂടുതൽ സാധ്യത നൽകുന്നുണ്ടെന്ന് ക്ലോപ്പ്

Klopp Says Real Madrid Favorites For Champions League
Klopp Says Real Madrid Favorites For Champions League / Alex Livesey/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിലെ പരിചയസമ്പത്തും ചരിത്രവും കിരീടം നേടാൻ റയൽ മാഡ്രിഡിന് കൂടുതൽ സാധ്യത നൽകുന്നുണ്ടെന്ന് പരിശീലകൻ യർഗൻ ക്ലോപ്പ്. ഇന്നു രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അഞ്ചു വർഷത്തിനിടയിൽ രണ്ടാമത്തെ തവണ റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ക്ലോപ്പ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

2018ൽ കീവിൽ രണ്ടു ടീമുകളും തമ്മിൽ ഫൈനലിൽ ഏറ്റു മുട്ടിയ സമയത്ത് റയൽ മാഡ്രിഡായിരുന്നു കരുത്തുറ്റ ടീം. എന്നാൽ ഈ സീസണിൽ ഒരു ടീമിനും വ്യക്തമായ മുൻതൂക്കമുണ്ടെന്ന് പറയാൻ കഴിയില്ലെങ്കിലും ക്ലോപ്പിന്റെ അഭിപ്രായം അങ്ങിനെയല്ല. റയൽ മാഡ്രിഡിന്റെ ചരിത്രം അവർക്ക് കൂടുതൽ മുൻ‌തൂക്കം നൽകുന്നുണ്ടെന്നും അതിനൊപ്പമെത്താനാണ് ലിവർപൂൾ ശ്രമിക്കേണ്ടതെന്നുമാണ് ക്ലോപ്പ് പറഞ്ഞത്.

"നിങ്ങൾ ക്ലബിന്റെ ചരിത്രം നോക്കുമ്പോൾ, നിങ്ങൾ അപ്പുറത്തുള്ള ക്ലബിന്റെ പരിചയസമ്പത്ത് നോക്കുമ്പോൾ, റയൽ മാഡ്രിഡ് തിരിച്ചു വരവുകൾ ആഘോഷിച്ച രീതി നോക്കുമ്പോൾ, ഞാൻ പറയും അതേ പരിചയസമ്പത്തിന്റെ പുറത്ത് റയൽ മാഡ്രിഡിനു തന്നെയാണ് കൂടുതൽ സാധ്യതയെന്ന്."

"എന്നാൽ എനിക്കു വേണ്ടത് ഞങ്ങളും അതേ നിലവാരത്തിൽ എത്തുക എന്നതാണ്, അതെ തലത്തിൽ ചിന്തിക്കുക എന്നതാണ്, ഈ മത്സരത്തിൽ പൂർണമായും ഉൾച്ചേർന്നു പോവുകയെന്നതാണ്." മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ ക്ലോപ്പ് പറഞ്ഞു.

ചരിത്രത്തിൽ റയൽ മാഡ്രിഡിനോളം ആധിപത്യം സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് ഷോകേസും അത്ര മോശമല്ല. നിലവിൽ ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുള്ള അവർക്ക് റയലിനെ കീഴടക്കിയാൽ കിരീടങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള എസി മിലാനൊപ്പമെത്താം. അതേസമയം നിലവിൽ തന്നെ പതിമൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.