Football in Malayalam

"അവരൊരു നിരന്തര ഭീഷണിയാണ്"- വാക്‌സിൻ സ്വീകരിക്കാത്ത താരങ്ങളെ ലിവർപൂൾ സ്വന്തമാക്കില്ലെന്ന് ക്ലോപ്പ്

Sreejith N
Liverpool v Aston Villa - Premier League
Liverpool v Aston Villa - Premier League / Clive Brunskill/GettyImages
facebooktwitterreddit

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത താരങ്ങൾ ടീമിനു നിരന്തരമായ ഭീഷണി നൽകുന്നവരാണെന്നും അവരെ ലിവർപൂൾ സ്വന്തമാക്കില്ലെന്നും വ്യക്തമാക്കി പരിശീലകൻ യാർഗൻ ക്ളോപ്പ്. ലോകത്തെ സ്‌തംഭിപ്പിച്ച മഹാമാരിക്കു ശേഷം ഇപ്പോൾ വീണ്ടും പ്രീമിയർ ലീഗ് മത്സരങ്ങൾ രോഗവ്യാപനം മൂലം മാറ്റി വെക്കേണ്ട സാഹചര്യം വന്നു കൊണ്ടിരിക്കെയാണ് തന്റെ നിലപാട് ക്ളോപ്പ് വ്യക്തമാക്കിയത്.

"ക്ലബുകൾ താരങ്ങളെ സ്വന്തമാക്കുമ്പോൾ അതു വളരെ സ്വാധീനം ചെലുത്തുന്ന കാര്യമാണെന്നു കരുതുന്നു, തീർച്ചയായും. ഒരു താരം കോവിഡ് വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ അയാൾ എല്ലാവർക്കും നിരന്തരമായ ഭീഷണിയാണ്. ഒരു ഭീഷണിയാവാൻ അവർക്ക് താൽപര്യം ഉണ്ടായിരിക്കില്ല. 'മറ്റുള്ളവരെ ഞാൻ പരിഗണിക്കേണ്ട കാര്യമില്ല' എന്നവർ ചിന്തിക്കുന്നില്ലായിരിക്കാം, പക്ഷെ സംഭവിക്കുന്നത് അതാണ്." ക്ളോപ്പ് ടോട്ടനവുമായി നടന്ന മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

വാക്‌സിനെടുക്കാത്ത താരങ്ങളെ സ്വന്തമാക്കുന്നത് ടീമിന്റെ സംഘാടനപരമായ കാര്യങ്ങളെ ബാധിക്കുമെന്നും ക്ളോപ്പ് പറഞ്ഞു. അവർക്കായി മറ്റൊരു ഡ്രസിങ് റൂമും ബസും ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കേണ്ടി വരുന്നതടക്കമുള്ള പ്രോട്ടോകോൾ പാലിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ക്ളോപ്പ് പറയുന്നു. മറ്റൊരു രാജ്യത്തേക്ക് മത്സരത്തിനായി പോകുമ്പോൾ അവർക്ക് സെൽഫ് ഐസലേഷൻ വേണ്ടി വരുമെന്നും അതെല്ലാം ട്രാൻസ്ഫറിൽ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് അവരുടെ താരങ്ങളിൽ കാൽ ഭാഗത്തോളം പേർ ഇപ്പോഴും വാക്‌സിനേഷൻ എടുത്തിട്ടില്ലെന്നു റിപ്പോർട്ട് നൽകിയിരിക്കെ വരാനിരിക്കുന്ന എഫ്എ കപ്പ് മത്സരങ്ങളെ സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലിവർപൂൾ ഹോം മത്സരമാണ് കളിക്കുന്നത് എന്നതിനാൽ കുഴപ്പമില്ലെന്നും എന്നാൽ എവേ മത്സരങ്ങൾ കളിക്കുന്ന ടീമുകൾ വളരെ ചെറിയ ഡ്രസിങ് റൂമുകൾ ഉപയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit