താരങ്ങൾ എല്ലാം നൽകി, പ്രീമിയർ ലീഗ് കിരീടം നേടുന്നതിന്റെ തൊട്ടരികിൽ ലിവർപൂൾ എത്തിയിരുന്നുവെന്ന് ക്ലോപ്പ്

Klopp Says Liverpool Close To Winning Premier League
Klopp Says Liverpool Close To Winning Premier League / Alex Livesey/GettyImages
facebooktwitterreddit

ആസ്റ്റൺ വില്ലക്കെതിരെ മാഞ്ചസ്റ്റർ സിറ്റി നടത്തിയ ഗംഭീര തിരിച്ചു വരവിൽ ലിവർപൂളിന്റെ കിരീടമോഹങ്ങൾ ഇല്ലാതായെങ്കിലും പ്രീമിയർ ലീഗ് നേടുന്നതിന്റെ തൊട്ടരികിൽ തന്റെ ടീം എത്തിയിരുന്നുവെന്ന് പരിശീലകൻ യർഗൻ ക്ലോപ്പ്. എന്നാൽ കിരീടം വിജയിക്കാൻ വേണ്ടത്ര അരികിലെത്താൻ ലിവർപൂളിന് കഴിഞ്ഞില്ലെന്നു പറഞ്ഞ ക്ലോപ്പ് ടീമിലെ താരങ്ങൾ നടത്തിയ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്‌തു.

ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടമാക്കി ലിവർപൂൾ വിജയം നേടിയാൽ കിരീടം ലിവർപൂളിന് സ്വന്തമാകുമായിരുന്നു. എഴുപത്തിയഞ്ചാം മിനുട്ടു വരെ രണ്ടു ഗോളിന് മാഞ്ചസ്റ്റർ സിറ്റി പിന്നിലായത് ലിവർപൂൾ ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അതിനു ശേഷം അഞ്ചു മിനുറ്റിനിടെ മൂന്നു ഗോളുകൾ നേടി സിറ്റി വിജയം നേടി പ്രീമിയർ ലീഗ് കിരീടം നിലനിർത്തുകയായിരുന്നു.

"ഞങ്ങൾ വളരെ അടുത്തെത്തിയിരുന്നു, എന്നാൽ അവസാനം വേണ്ടത്ര അടുത്തെത്താൻ കഴിഞ്ഞില്ല. നമ്മുടെ ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നല്ലാതെ വേറൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അത് താരങ്ങൾ ചെയ്യുകയുമുണ്ടായി. എനിക്കതിൽ വളരെയധികം അഭിമാനമുണ്ട്." ക്ലോപ്പ് മത്സരത്തിനു ശേഷം സ്കൈ സ്പോർട്സിനോട് പറഞ്ഞു.

"ഞങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ടീമിനെ പിന്തുടരണം. ഞങ്ങൾ ഇനിയുമത് ചെയ്യും. ഈ ടീമിനെ ഇനിയും കെട്ടിയുയർത്തി ഞങ്ങൾ ഇനിയുമതു തന്നെ ചെയ്യും." ക്ലോപ്പ് കൂട്ടിച്ചേർത്തു. ഇനി ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി തയ്യാറെടുക്കുകയാണ് വേണ്ടതെന്നും അവിടെ വളരെ പരിചയസമ്പത്തുള്ള ടീമിനെയാണ് നേരിടേണ്ടതെന്നും ക്ലോപ്പ് വ്യക്തമാക്കി.

പ്രീമിയർ ലീഗ് കിരീടം കൈവിട്ടതോടെ ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടാമെന്ന ലിവർപൂളിന്റെ മോഹം കൂടിയാണ് അവസാനിച്ചത്. കറബാവോ കപ്പും എഫ്എ കപ്പും സ്വന്തമാക്കിയ ലിവർപൂളിന് ഇനി ചാമ്പ്യൻസ് ലീഗ് കിരീടം നേടി സീസൺ അവസാനിപ്പിക്കാൻ അവസരമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.