എംബാപ്പയിൽ താൽപര്യമുണ്ടെങ്കിലും താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമിക്കുന്നില്ലെന്ന് ക്ലോപ്പ്

Klopp Rules Out Summer Move For Kylian Mbappe
Klopp Rules Out Summer Move For Kylian Mbappe / Eurasia Sport Images/GettyImages
facebooktwitterreddit

പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പയിൽ വളരെ താൽപര്യമുണ്ടെങ്കിലും താരത്തെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ലിവർപൂൾ ഭാഗമായിട്ടില്ലെന്ന് പരിശീലകൻ യർഗൻ ക്ലോപ്പ്. ഈ സീസണോടെ ലിവർപൂൾ കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന താരത്തിനു വേണ്ടി ലിവർപൂൾ ശ്രമം നടത്തുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ക്ലോപ്പ്.

ലോകത്തിലെ തന്നെ ഏറ്റവും മൂല്യം കൂടിയ താരങ്ങളിൽ ഒരാളായ കിലിയൻ എംബാപ്പെ തന്റെ ഭാവിയെക്കുറിച്ച് ഇതുവരെയും ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. വരുന്ന ദിവസങ്ങളിൽ അതു പുറത്തു വിടുമെന്ന് വ്യക്തമാക്കിയ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമോ, അതോ പിഎസ്‌ജിയിൽ തന്നെ തുടരുമോ എന്നറിയാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

"ഞങ്ങൾ അന്ധരല്ല, തീർച്ചയായും ഞങ്ങൾക്ക് എംബാപ്പയിൽ താൽപര്യമുണ്ട്. താരവുമായി ബന്ധപ്പെട്ടതിനെ കുറിച്ച് ഒന്നും പറയാനില്ല. എന്നാൽ കിലിയൻ എംബാപ്പയും ലിവർപൂളും തമ്മിൽ എല്ലാം കൃത്യമാണ്, എല്ലാം നല്ല രീതിയിലാണ്. ഞങ്ങൾക്ക് അവനെ ഇഷ്‌ടമാണ്‌. നിങ്ങൾക്കവനെ ഇഷ്‌ടമല്ലെങ്കിൽ നിങ്ങൾ സ്വയം ചോദ്യം ചെയ്യണം."

"പക്ഷെ ഇല്ല, ഈ പോരാട്ടങ്ങളുടെ ഭാഗമാകാൻ ഞങ്ങൾക്ക് കഴിയില്ല. മറ്റു ക്ലബുകളും അതിൽ ഉൾപ്പെട്ടിട്ടുണ്ടാകും, അതു പക്ഷെ കുഴപ്പമുള്ള കാര്യമല്ല. എംബാപ്പെ വളരെ മികച്ച താരമാണ്." സൗത്താംപ്റ്റണുമായി നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ ക്ലോപ്പ് പറഞ്ഞു.

എഫ്എ കപ്പ് ഫൈനലിനിടെ പരിക്കേറ്റ പ്രതിരോധതാരം വിർജിൽ വാൻ ഡൈക്ക്, മുന്നേറ്റനിര താരം മൊഹമ്മദ് സലാ എന്നിവർ സെയിന്റ്സിനെതിരെ കളിക്കില്ലെന്നും ക്ലോപ്പ് പറഞ്ഞു. രണ്ടു താരങ്ങൾക്കും വലിയ കുഴപ്പമില്ലെന്നും വാരാന്ത്യത്തിൽ നടക്കുന്ന കളിയിൽ ആദ്യ ഇലവനിലോ ബെഞ്ചിലോ ഈ രണ്ടു താരങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.