മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന്റെ തിരിച്ചുവരവിനു പ്രചോദനം നൽകിയ ഇടവേളയിലെ സംഭവം വെളിപ്പെടുത്തി ക്ലോപ്പ്


മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ പിന്നിലായിപ്പോയ ലിവർപൂളിന് തിരിച്ചു വരാനുള്ള പ്രചോദനം നൽകിയ സംഭവം വെളിപ്പെടുത്തി പരിശീലകൻ യർഗൻ ക്ലോപ്പ്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഡീഗോ ജോട്ട നേടിയ ഗോളിന്റെ വീഡിയോ താരങ്ങളെ കാണിച്ചാണ് താൻ ടീമിന്റെ തിരിച്ചു വരവിനു പ്രചോദനം നൽകിയതെന്നാണ് ക്ലോപ്പ് പറയുന്നത്.
സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റി ആധിപത്യം പുലർത്തിയ മത്സരത്തിൽ കെവിൻ ഡി ബ്രൂയ്നിലൂടെ അവർ ലീഡ് നേടുകയും ചെയ്തിരുന്നു. ജോട്ടയിലൂടെ ലിവർപൂൾ തിരിച്ചടിച്ചെങ്കിലും ആദ്യപകുതിയിൽ ജീസസിലൂടെ വീണ്ടും സിറ്റി മുന്നിലെത്തി. എന്നാൽ ഇടവേള അവസാനിച്ച് മത്സരം തുടങ്ങിയ ആദ്യ മിനുട്ടിൽ തന്നെ മാനെയിലൂടെ വീണ്ടും സമനില ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയുടെ വിജയപ്രതീക്ഷകൾ ലിവർപൂൾ തകർക്കുകയായിരുന്നു.
? “If we do that, we will get chances.”
— Football Daily (@footballdaily) April 10, 2022
Jürgen Klopp on what he said to his Liverpool side at half-time. pic.twitter.com/mJUjKVG6Vs
"ഞങ്ങൾ നേടിയ ഗോൾ താരങ്ങൾക്കു കാണിച്ചു കൊടുത്തിരുന്നു, കാരണം അതു വളരെ നല്ലൊരു ഫുട്ബാൾ സാഹചര്യമായിരുന്നു. അതു കൂടുതൽ ചെയ്താൽ ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേനെ. ഞങ്ങൾക്ക് ഈ ഗെയിം ജയിക്കാൻ കഴിയുമെന്ന് എനിക്കു തോന്നിയിരുന്നു. അവർ ഞങ്ങളെക്കാൾ നേരിട്ട് ആക്രമണം നടത്തുന്ന ശൈലിയാണ് അവലംബിച്ചത്, അതിനാൽ പൊസഷൻ ലഭിക്കുമ്പോൾ അവരെ കൂടുതൽ ഓടിക്കാൻ ഞങ്ങൾ ശ്രമിച്ചു."
"പ്രതിരോധത്തിൽ ഞങ്ങൾക്കു തിരക്ക് പിടിച്ച ദിവസമായിരുന്നു. അവർ ഞങ്ങളെ വളരെയധികം സമ്മർദ്ദത്തിലാക്കിയെങ്കിലും ആ സാഹചര്യങ്ങളിൽ നല്ല രീതിയിൽ പ്രതിരോധിക്കാൻ ഞങ്ങൾക്കു കഴിയും. രണ്ടാംപകുതി വളരെ തീവ്രമായിരുന്നു. അവർക്കും ബ്രേക്കുകൾ വേണമായിരുന്നു, പക്ഷെ അവരുടെ പ്രത്യാക്രമണം മികച്ചു നിന്നു. അവരുടെ തീരുമാനങ്ങളും മികച്ചതായിരുന്നു, അവർ എല്ലായിപ്പോഴും ശരിയായ താരങ്ങളെ തന്നെയാണ് തിരഞ്ഞെടുത്തത്." ക്ളോപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ സമനില വഴങ്ങിയതോടെ സിറ്റിയെ മറികടന്ന് ലീഗിൽ മുന്നിലെത്താമെന്ന ലിവർപൂളിന്റെ പ്രതീക്ഷകൾ ഇല്ലാതായെങ്കിലും ഇനി ലീഗിൽ ഏഴു മത്സരങ്ങൾ ബാക്കി നിൽക്കെ അവർക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതു തുടരാൻ കഴിയും. രണ്ടു ടീമുകളും തമ്മിൽ ഒരു പോയിന്റ് മാത്രമേ വ്യത്യാസമുള്ളൂ എന്നതിനാൽ ഒരു സമനില പോലും കിരീടം നഷ്ടമാകുന്നതിനു കാരണമാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.