പെപ് ഗ്വാർഡിയോളയുടെ പരാതികൾക്ക് അതെ നാണയത്തിൽ മറുപടി നൽകി യർഗൻ ക്ലോപ്പ്


ഇംഗ്ലണ്ടിലുള്ള എല്ലാവരും ലിവർപൂൾ കിരീടം നേടുന്നതു കാണാൻ ആഗ്രഹിക്കുന്നവരാണെന്ന പെപ് ഗ്വാർഡിയോളയുടെ അഭിപ്രായത്തിന് അതെ നാണയത്തിൽ മറുപടി നൽകി യർഗൻ ക്ലോപ്പ്. മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോവുകയും ലിവർപൂൾ ഫൈനലിൽ ഇടം നേടുകയും ചെയ്തതിന്റെ നിരാശ കൊണ്ടാണ് ഗ്വാർഡിയോള ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നായിരുന്നു ക്ലോപ്പ് മറുപടി നൽകിയത്.
ന്യൂകാസിൽ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടിയതിനു ശേഷമായിരുന്നു ഗ്വാർഡിയോളയുടെ പ്രതികരണം. ഇംഗ്ലണ്ടിൽ മാധ്യമങ്ങൾ അടക്കം എല്ലാവരും ലിവർപൂളിന്റെ വിജയത്തിനു വേണ്ടി ആഗ്രഹിക്കുന്ന ആളുകളാണെന്നും എന്നാൽ 30 വർഷത്തിൽ ഒരൊറ്റ ലീഗ് കിരീടം മാത്രം നേടിയ അവർക്ക് പ്രീമിയർ ലീഗിൽ വലിയ ചരിത്രം അവകാശപ്പെടാൻ കഴിയില്ലെന്നും ഗ്വാർഡിയോള പറഞ്ഞിരുന്നു.
Jurgen Klopp laughs off Pep Guardiola's claim that 'everyone in the country supports Liverpool' https://t.co/6QuKTpC8xE
— MailOnline Sport (@MailSport) May 9, 2022
"ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതിനു ശേഷം ഗ്വാർഡിയോള എന്ത് അവസ്ഥയിലാണുള്ളതെന്ന് എനിക്കറിയില്ല. അത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിനു പുറമെ ലിവർപൂൾ ഫൈനലിൽ എത്തുകയും ചെയ്തപ്പോൾ 'അവർ വിയ്യാറയലിനോടാണ് കളിച്ചത്, ഞങ്ങൾ റയൽ മാഡ്രിഡിനെതിരെ കളിച്ചു' എന്നെല്ലാം നിങ്ങൾ പറയുന്നു."
"അതിലുപരിയായി അദ്ദേഹം പറഞ്ഞത് ശരി തന്നെയാണ്. ഞങ്ങൾ പ്രീമിയർ ലീഗ് ഒരു തവണ മാത്രമേ വിജയിച്ചുള്ളൂ എന്നതും ശരി തന്നെയാണ്. എന്നാൽ ഈ രാജ്യം മുഴുവൻ ഞങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോ എന്നെനിക്കറിയില്ല." ക്ലോപ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം ടോട്ടനത്തിന്റെ പ്രതിരോധ ഫുട്ബോളിനെ വിമർശിച്ചത് തെറ്റായിരുന്നുവെന്നും ക്ലോപ്പ് പറഞ്ഞു. കോണ്ടെ തന്റെ ടീമുകളെ ഒരുക്കുന്നത് ഈ തരത്തിലാണെന്നും അദ്ദേഹത്തിന് വേണ്ടത്ര ബഹുമാനം താൻ നൽകിയില്ലെന്നുമാണ് ക്ലോപ്പ് അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.