"ദൗർഭാഗ്യവശാൽ അതൊരു മികച്ച സൈനിങാണ്"- ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതിനോടു പ്രതികരിച്ച് ക്ലോപ്പ്


യൂറോപ്പിലെ ഏറ്റവും മികച്ച യുവസ്ട്രൈക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന എർലിങ് ബ്രൂട് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതിനോടു പ്രതികരിച്ച് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ദൗർഭാഗ്യവശാൽ അതൊരു മികച്ച സൈനിങ് ആണെന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത് ആരെയും തകർക്കാൻ കഴിവുള്ള ഒരു താരത്തെയാണെന്നും ക്ലോപ്പ് അഭിപ്രായപ്പെട്ടു.
51 മില്യൺ പൗണ്ടിന്റെ റിലീസിംഗ് ക്ലോസ് നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും എർലിങ് ഹാലൻഡിനെ സ്വന്തമാക്കിയത്. ഒരു ലോകോത്തര സ്ട്രൈക്കറുടെ അഭാവമുള്ള മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഗോളുകൾ വാരിക്കൂട്ടുന്ന ഹാലൻഡ് എത്തിയത് അവരെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ടീമാക്കി മാറ്റുമെന്നതിൽ യാതൊരു സംശയവുമില്ല.
? 'Unfortunately' - Jurgen Klopp makes blunt Erling Haaland admission as Man City transfer confirmedhttps://t.co/jv103QS8PG
— Liverpool FC News (@LivEchoLFC) May 10, 2022
"വളരെ മികച്ച താരം. ഒരു താരമുള്ളതു കൊണ്ട് മത്സരങ്ങൾ വിജയിക്കുന്ന ടീമായിരുന്നില്ല മാഞ്ചസ്റ്റർ സിറ്റി, അങ്ങിനെയാകാനും പോകുന്നില്ല. അവർക്കൊരു പ്രത്യേക കേളീശൈലിയുണ്ട്, ഏർലിങ്ങിന് അത് പെട്ടന്നു മനസിലാക്കാൻ കഴിഞ്ഞാൽ ഒരുപാട് ഗോളുകൾ നേടാൻ കഴിയും. താരം അതിനെ ഇഷ്ടപ്പെടുകയും ചെയ്യും."
"താരം തന്റെ വിശ്വരൂപം പുറത്തെടുക്കുന്ന നിമിഷങ്ങൾ വേറെയും ഉണ്ടാകും. ഡോർട്മുണ്ടിൽ ആയിരിക്കുമ്പോൾ പല തവണ പരിക്കു പറ്റിയിട്ടുണ്ടെങ്കിലും താരത്തിനു തന്റെ വിശ്വരൂപം കാണിക്കാൻ കഴിഞ്ഞു. ദൗർഭാഗ്യവശാൽ അതൊരു വളരെ മികച്ച സൈനിങാണ്." സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ ക്ലോപ്പ് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ലയോട് വിജയിച്ച ലിവർപൂൾ താൽക്കാലികമായി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്നാൽ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വോൾവ്സിനെ കീഴടക്കുകയോ സമനില നേടുകയോ ചെയ്താൽ അവർ തന്നെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് മുന്നേറും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.