ഇന്റർ മിലാനെതിരെ ലിവർപൂളിന്റേത് മികച്ച പ്രകടനമായിരുന്നില്ലെങ്കിലും വിജയം അർഹിച്ചതു തന്നെയെന്ന് ക്ളോപ്പ്

Sreejith N
FC Internazionale v Liverpool FC: Round Of Sixteen Leg One - UEFA Champions League
FC Internazionale v Liverpool FC: Round Of Sixteen Leg One - UEFA Champions League / Shaun Botterill/GettyImages
facebooktwitterreddit

ഇന്റർ മിലാനെതിരെ ഇന്നലെ രാത്രി നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ലിവർപൂളിന് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും വിജയം അർഹിച്ചതു തന്നെയെന്ന് യർഗൻ ക്ളോപ്പ്. ഇന്ററിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ എഴുപത്തിയഞ്ചാം മിനുട്ടിനു ശേഷം നേടിയ രണ്ടു ഗോളുകളാണ് ലിവർപൂളിനു വിജയം നേടിക്കൊടുത്തത്. റോബർട്ടോ ഫിർമിനോ, മൊഹമ്മദ് സലാ എന്നിവരായിരുന്നു ഗോൾ നേടിയത്.

"അവിശ്വസനീയമായ ഒരു ഫിസിക്കൽ ഗെയിമിൽ ഞങ്ങൾക്കൊരു വഴി കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഞങ്ങളുടെ തുടക്കം നന്നായി, അവരുടെ ഫോർമേഷനെതിരെ കൃത്യമായി തന്നെ കളിച്ചു. അതിനു ശേഷം അവർ വിങ്‌ബാക്കുകളെ കേന്ദ്രീകരിച്ച് കുറച്ചു കൂടി ഡയറക്റ്റ് പ്ലേ ആരംഭിച്ചു. ഞങ്ങൾക്കതിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ല, ഞങ്ങളുടെ ഫുൾ ബാക്കുകൾ വൺ ഓൺ വൺ സാഹചര്യങ്ങളിൽ ഒറ്റക്കായിരുന്നു."

"ഇതുപോലെയുള്ള മത്സരങ്ങളിൽ നമ്മൾ പന്ത് ഒരുപാട് നേരം കയ്യിൽ വെക്കേണ്ടതുണ്ട്, എന്നാൽ പലപ്പോഴും അതു നടന്നില്ല. എന്നാൽ ഇവിടേക്കു വന്ന ഞങ്ങൾക്ക് ഒരു മികച്ച ദിവസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല, ഒരു നല്ല ഫലം ഉണ്ടാക്കാൻ മാത്രമാണ് അവസരമുള്ളത്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ലിവർപൂൾ പരിശീലകൻ പറഞ്ഞു.

"ഇതു ഞങ്ങളുടെ ഏറ്റവും മികച്ച ദിവസമായിരുന്നില്ല. പക്ഷെ അർഹിച്ച വിജയം നേടാൻ കഴിഞ്ഞ ദിവസമായിരുന്നു, കാരണം ഞങ്ങൾ രണ്ടു മനോഹരമായ ഗോളുകൾ നേടി. അവർക്കും മികച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു, അതു പക്ഷെ ഞങ്ങൾ തെറ്റായ ഇടങ്ങളിൽ വെച്ചു പന്തു നഷ്‌ടമാക്കിയതിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങൾ ആയിരുന്നു." ക്ളോപ്പ് പറഞ്ഞു.

ഇബ്രാഹിമ കൊനാട്ടെ, ഹാർവി എലിയട്ട് എന്നിവരെ ആദ്യ ഇലവനിൽ ഇറക്കിയ ക്ളോപ്പ് എല്ലാ താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ചു. എല്ലാ താരങ്ങളും ആദ്യ ഇലവനിൽ ഇറങ്ങാൻ വേണ്ടി തയ്യാറാണെന്നും അവസരം ലഭിക്കുമ്പോൾ അവരതിനോട് മികച്ച രീതിയിൽ തന്നെയാണ് പ്രതികരിക്കുന്നതെന്നുമാണ് ക്ളോപ്പ് പറഞ്ഞത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit