എർലിങ് ഹാലൻഡ് ലിവർപൂളിലേക്കെത്തില്ല, കാരണം വ്യക്തമാക്കി ക്ലോപ്പ്

Liverpool Manager Klopp Plays Down Signing Erling Haaland
Liverpool Manager Klopp Plays Down Signing Erling Haaland / Alex Grimm/GettyImages
facebooktwitterreddit

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡിനായി ലിവർപൂൾ യാതൊരു വിധ ശ്രമവും നടത്തില്ലെന്നു വ്യക്തമാക്കി പരിശീലകൻ യർഗൻ ക്ലോപ്പ്. ട്രാൻസ്‌ഫർ ഫീസും വേതനവുമടക്കം താരത്തെ സ്വന്തമാക്കാൻ വേണ്ടി വരുന്ന തുക അപ്രാപ്യമായതിനാലാണ് അതിനു വേണ്ടി ശ്രമിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണു ശേഷം 75 മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസ് നിലവിൽ വരുന്ന ഏർലിങ് ബ്രൂട് ഹാലൻഡ് ട്രാൻസ്‌ഫർ മാർക്കറ്റിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ്. നിരവധി ക്ലബുകൾ ഇരുപത്തിയൊന്നു വയസുള്ള താരത്തിനായി ശ്രമങ്ങൾ നടത്തുമ്പോഴാണ് ഒരു സ്‌ട്രൈക്കറുടെ ആവശ്യമുള്ള ലിവർപൂൾ താരത്തിന്റെ ട്രാൻസ്‌ഫർ പരിഗണിക്കുന്നില്ലെന്ന് ക്ളോപ്പ് വ്യക്തമാക്കിയത്.

"ഞങ്ങൾ അതിലേക്കു പോകുന്നില്ല. അതിൽ ഉൾപ്പെട്ടിരിക്കുന്ന കണക്കുകൾ വട്ടു പിടിപ്പിക്കുന്നതാണ്. ഞങ്ങൾക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഒരിക്കലുമില്ല. സത്യസന്ധമായി പറഞ്ഞാൽ എനിക്കതിൽ ഒന്നും ചെയ്യണമെന്നില്ല. ഇതൊരിക്കലും തമാശയായി പറയുന്നതല്ല." ക്ലോപ്പ് സ്പോർട്ട് ബിൽഡിനോട് വ്യക്തമാക്കി.

ഹാലൻഡിനെ സ്വന്തമാക്കണമെങ്കിൽ എഴുപത്തിയഞ്ച് മില്യൺ യൂറോ റിലീസിംഗ് ക്ളോസിനു പുറമെ ടാക്‌സ് കഴിഞ്ഞ് പ്രതിവർഷം ഇരുപത്തിയഞ്ചു മില്യൺ യൂറോ പ്രതിഫലമായും നൽകേണ്ടി വരും. അത് ഏറെക്കുറെ അമ്പതു മില്യൺ യൂറോയോട് അടുത്തു വരുമെന്നതിനാൽ അഞ്ചു വർഷത്തേക്ക് താരവുമായി കരാർ ഒപ്പിടാൻ 250 മില്യൺ യൂറോയും ട്രാൻസ്‌ഫർ ഫീസും ക്ലബുകൾക്ക് ചിലവാകും.

അതേസമയം ലിവർപൂളിന്റെ പ്രധാന എതിരാളികളായ മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ട് താരത്തിനായി സജീവമായി രംഗത്തുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കു പുറമെ റയൽ മാഡ്രിഡ്, പിഎസ്‌ജി എന്നിവരുമാണ് താരത്തിനായി ശ്രമം നടത്തുന്നത്. എന്നാൽ തന്റെ ഭാവിയെക്കുറിച്ചും ചേക്കേറാൻ പോകുന്ന ക്ലബിനെക്കുറിച്ചും ഇതുവരെയും ഒരു തീരുമാനവും താരം എടുത്തിട്ടില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.