Premier League

"മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടമാക്കില്ല"- പ്രീമിയർ ലീഗ് കിരീടം നേടാൻ ലിവർപൂളിന് സാധ്യതയില്ലെന്ന് ക്ലോപ്പ്

Sreejith N
Jurgen Klopp Plays Down Liverpool's EPL Title Chances
Jurgen Klopp Plays Down Liverpool's EPL Title Chances / Chris Brunskill/Fantasista/GettyImages
facebooktwitterreddit

വെസ്റ്റ് ഹാമിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയത് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ തൊട്ടു പിന്നിൽ നിൽക്കുന്ന ലിവർപൂളിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടമാക്കിയത് ലിവർപൂളിന് കിരീടം നേടാൻ യാതൊരു സാധ്യതയും നൽകുന്നില്ലെന്നാണ് ക്ലബിന്റെ പരിശീലകനായ യർഗൻ ക്ലോപ്പ് പറയുന്നത്.

വെസ്റ്റ് ഹാമിനോടെന്ന പോലെ അടുത്ത മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങുകയും ലിവർപൂൾ ഇനി ബാക്കിയുള്ള രണ്ടു മത്സരങ്ങളിലും വിജയം നേടുകയും ചെയ്‌താൽ പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് സ്വന്തമാക്കാൻ കഴിയും. എന്നാൽ ആസ്റ്റൺ വില്ലക്കെതിരെ നടക്കുന്ന അവസാനത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടപ്പെടുത്തുമെന്ന യാതൊരു പ്രതീക്ഷയും തനിക്കില്ലെന്നാണ് ക്ലോപ്പ് പറയുന്നത്.

"ഞാൻ നാളെ നടക്കുന്ന മത്സരത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടമാക്കിയത് എന്നാണെന്ന് എനിക്കറിയില്ല. ആസ്റ്റൺ വില്ലക്ക് ആഴ്ച്ചയുടെ മധ്യത്തിലും കളിക്കണം, അവർക്കതു പരിചയമില്ല. സിറ്റി പോയിന്റ് നഷ്‌ടപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ല." ക്ലോപ്പ് സൗത്താംപ്റ്റണുമായുള്ള മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.

വെസ്റ്റ് ഹാമിനെതിരെയെന്ന പോലെ ആസ്റ്റൺ വില്ലക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് കാലിടറിയാൽ ചരിത്രത്തിൽ ആദ്യമായി ഒരു സീസണിൽ നാല് കിരീടങ്ങൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടത്തിന് അരികിലെത്താൻ ലിവർപൂളിന് അവസരമൊരുങ്ങും. ഈ സീസണിൽ കറബാവോ കപ്പ്, എഫ്എ കപ്പ് എന്നിവ നേടിയ ലിവർപൂളിന് ഇനി പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടാൻ അവസരമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit