Football in Malayalam

റയലിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരാശയില്ല, ലാ ലിഗയിൽ ഏതു ക്ലബിലെത്താനാണ് താല്പര്യമെന്നു പറഞ്ഞ് ക്ലോപ്പ്

Sreejith N
Wolverhampton Wanderers v Liverpool - Premier League
Wolverhampton Wanderers v Liverpool - Premier League / Pool/Getty Images
facebooktwitterreddit

ഒരിക്കലും റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും തനിക്കതിൽ നിരാശയൊന്നും തോന്നില്ലെന്ന് ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ്. എന്നാൽ സ്പെയിനിലെ തന്നെ മറ്റൊരു ക്ലബായ റയൽ മയോർക്കയിൽ തനിക്കുള്ള താൽപര്യം തമാശയെന്ന പോലെ ക്ലോപ്പ് വെളിപ്പെടുത്തുകയും ചെയ്‌തു. റയലും ലിവർപൂളും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടാനിരിക്കെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ജർമൻ പരിശീലകൻ.

റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ലോപ്പിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "എന്റെ കരിയറിന്റെ അവസാനം എനിക്കാകെ മെയിൻസ്, ബൊറൂസിയ ഡോർട്മുണ്ട്, ലിവർപൂൾ എന്നീ മൂന്നു ക്ലബുകൾ മാത്രമേ ഉള്ളുവെങ്കിലും അത് വളരെ മോശമായിരിക്കില്ല. ഞാനതിൽ ഒരിക്കലും നിരാശനാവില്ല.

"റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കാതിരിക്കുന്നതിൽ ഞാൻ എന്നെങ്കിലും നിരാശപ്പെടുമോയെന്ന ചോദ്യത്തിന് അങ്ങിനെ തോന്നുന്നില്ലെന്നാണ് എന്റെ മറുപടി. എന്നാൽ ഇന്ന് ഞങ്ങൾ വിമാനത്തിൽ വന്നു കൊണ്ടിരിക്കുമ്പോൾ ഇവിടെ ജീവിക്കാത്തതിൽ എനിക്ക് നിരാശ തോന്നി. ഇവിടുത്തെ കാലാവസ്ഥ അത്രയും മികച്ചതാണ്."

റയൽ, ബാഴ്‌സ, അത്ലറ്റികോ എന്നീ ലാ ലീഗയിലെ പ്രധാന ക്ലബുകളിൽ ഏതാണ് ഏറ്റവും യോജിക്കുകയെന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് ക്ലോപ്പ് റയൽ മയോർക്കയെ കുറിച്ച് പറഞ്ഞത്. "ഇവിടുത്തെ മൂന്നു പ്രധാന ഫുട്ബോൾ ക്ലബുകൾ ഇവയാണെങ്കിൽ എനിക്കത് മൂന്നും ചേരുമെന്നാണ് തോന്നുന്നത്. എന്നാൽ എനിക്ക് സമയമില്ലെന്നതും എന്റെ സ്‌പാനിഷ്‌ വളരെ മോശമാണെന്നതും ഒരു കുഴപ്പമാണ്. നിങ്ങൾക്കത് വളരെ ബുദ്ധിമുട്ടായിരിക്കും," ലിവർപൂൾ പരിശീലകൻ പറഞ്ഞു.

"ഈ ക്ലബുകൾക്കെല്ലാം വളരെ മികച്ച പരിശീലകർ ഇപ്പോഴുണ്ട്. റയൽ മയോർക്കയുടെ മാനേജർ ആരാണിപ്പോൾ? അവിടേക്കു പോകുന്നത് വളരെ മികച്ചൊരു അനുഭവമായിരിക്കും. ഏറ്റവും കുറഞ്ഞത് ജീവിക്കാനെങ്കിലും."

facebooktwitterreddit