ലിവർപൂളിന് ആശ്വാസം, തിയാഗോ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ക്ലോപ്പ്
By Sreejith N

മധ്യനിരതാരമായ തിയാഗോ അൽകാൻട്ര റയൽ മാഡ്രിഡുമായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് പരിശീലകൻ ക്ലോപ്പ് അറിയിച്ചു. പ്രീമിയർ ലീഗിൽ വോൾവ്‌സുമായി ഞായറാഴ്‌ച നടന്ന മത്സരത്തിനിടെ പരിക്കേറ്റ സ്‌പാനിഷ് താരത്തിന് ഫൈനൽ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനിടെ ആകില്ലെസ് ഇഞ്ചുറി വന്നതിനെ തുടർന്ന് കളിക്കളം വിട്ട തിയാഗോ ബുധനാഴ്‌ച നടന്ന ഓപ്പൺ ട്രെയിനിങ് സെഷന്റെ ഭാഗമായിരുന്നില്ല. എന്നാൽ മുപ്പത്തിയൊന്നുകാരനായ താരം വ്യാഴാഴ്‌ച പരിശീലനം പുനരാരംഭിക്കുമെന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കാനുള്ള സാധ്യതയുണ്ടെന്നും ക്ലോപ്പ് സ്ഥിരീകരിച്ചു.
Jurgen Klopp 'is hopeful Thiago Alcantara will be fit for the Champions League final' against Real Madrid https://t.co/PY44caMORA
— MailOnline Sport (@MailSport) May 25, 2022
താരം കഴിഞ്ഞ ദിവസം പരിശീലനം നടത്തിയില്ലെങ്കിലും നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ വ്യാഴാഴ്‌ച പരിശീലനം നടത്താനുള്ള സാധ്യതയുണ്ടെന്ന് ക്ലോപ്പ് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിനു ശേഷം തിയഗോയുടെ കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ താരത്തിനു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടീമിനെ സഹായിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ക്ലോപ്പ് അറിയിച്ചു.
തിയാഗോ വ്യാഴാഴ്‌ച പരിശീലനം നടത്തുമെന്നതിനു പുറമെ മധ്യനിര താരം ഫാബിന്യോ, പ്രതിരോധതാരം ജോ ഗോമസ് എന്നിവരും കഴിഞ്ഞ ദിവസത്തെ ട്രെയിനിങ് സെഷനിൽ പങ്കെടുത്തത് ലിവർപൂളിന് വലിയ ഊർജ്ജമാണ് നൽകുക. ഇവർ ഫിറ്റ്നസ് വീണ്ടെടുത്താൽ മുഴുവൻ സ്‌ക്വാഡിനെയും ലിവർപൂളിന് റയൽ മാഡ്രിഡിനെതിരെ ലഭ്യമാകും.
നിലവിൽ ഫൈനൽ കളിക്കുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്ന ഒരേയൊരു ലിവർപൂൾ താരം ദിവോക്ക് ഒറിജിയാണ്. വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനു മുൻപ് മസിലിനു പരിക്കേറ്റ താരം പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.