"കിരീടങ്ങളുടെ രാജാവ്"- ചാമ്പ്യൻസ് ലീഗിൽ അത്ഭുതങ്ങൾ കാണിക്കുന്ന ഉനെ എമറിയെ പ്രശംസിച്ച് ക്ലോപ്പ്

Klopp Hails Unai Emery Ahead Of UCL Semi Final Showdown
Klopp Hails Unai Emery Ahead Of UCL Semi Final Showdown / Clive Brunskill/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനൊപ്പം അത്ഭുതങ്ങൾ കാണിക്കുന്ന സ്‌പാനിഷ്‌ പരിശീലകൻ ഉനെ എമറിയെ പ്രശംസിച്ച് ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ്. ബെൻഫിക്കയെ രണ്ടു പാദങ്ങളിലുമായി 6-4 എന്ന സ്കോറിനു മറികടന്നെത്തിയ ലിവർപൂളിന് സെമി ഫൈനലിലെ എതിരാളികൾ ബയേൺ മ്യൂണിക്കിനെ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ചെത്തിയ വിയ്യാറയലാണ്.

നോക്ക്ഔട്ട് മത്സരങ്ങളുള്ള ടൂർണമെന്റുകളിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ ഉനെ എമറിക്ക് കഴിയാറുണ്ട്. തുടർച്ചയായ മൂന്നു വർഷങ്ങളിൽ സെവിയ്യയെ യൂറോപ്പ ലീഗ് ജേതാക്കളാക്കിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ സീസണിൽ വിയ്യാറയലിനെയും യൂറോപ്പ കിരീടത്തിലേക്ക് നയിച്ചു. ആഴ്‌സണൽ പരിശീലകനായിരുന്ന സമയത്ത് യൂറോപ്പ ലീഗിൽ രണ്ടാം സ്ഥാനവും നേടിയിട്ടുള്ള എമറി ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലാണ് കുതിപ്പു കാണിക്കുന്നത്.

"ഞാനിപ്പോൾ വിയ്യാറയലിനെ കുറിച്ച് ഒരു വിശകലനം നടത്തിയാൽ അതു വളരെ വിചിത്രമായ കാര്യമാകും. ഞാനവരുടെ മത്സരഫലങ്ങൾ കണ്ടിരുന്നു, അവരുടെ കളി മനസിനെ സ്വാധീനിക്കുന്ന ഒന്നാണ്. ഞാൻ കുറച്ചു ഭാഗങ്ങളെ കണ്ടിട്ടുള്ളൂ എങ്കിലും യുവന്റസിനെയും ബയേൺ മ്യൂണിക്കിനെയും കീഴടക്കിയ ടീം ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ അർഹിക്കുന്നു."

"ഉനെ എമറി കിരീടങ്ങളുടെ രാജാവാണ്, അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. എന്നാൽ എനിക്ക് ശരിയായ രീതിയിൽ തയ്യാറെടുക്കാനുള്ള സമയം തരൂ." ക്ലോപ്പ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.

ലിവർപൂളും വിയ്യാറയലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നിലവിലെ ഫോമിൽ ലിവർപൂളിന് വ്യക്തമായ മുൻതൂക്കമുണ്ടെങ്കിലും എമറിയുടെ വിയ്യാറയലിൽ നിന്നും ആരാധകർ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഏപ്രിൽ 27നു രാത്രി 12.30നു ആൻഫീൽഡിൽ ആദ്യപാദ സെമി നടക്കുമ്പോൾ രണ്ടാം പാദം മെയ് മൂന്നിനു രാത്രി 12.30നാണു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.