Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലേക്ക് വരുന്നതിനോട് പ്രതികരിച്ച് യുർഗൻ ക്ലോപ്പ്

Sreejith N
Liverpool v Manchester United - Premier League
Liverpool v Manchester United - Premier League / Getty Images/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലേക്ക് വരുന്നതിനെ കുറിച്ച് പ്രതികരണവുമായി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. റൊണാൾഡോയുടെ വരവ് ലിവർപൂളിനു കിരീടം നേടാനുള്ള സാധ്യതകളെ ബാധിക്കില്ലെന്നും, താരത്തെ സ്വന്തമാക്കുന്നത് ഭാവിയിലേക്കുള്ള ബിസിനസ് അല്ലെന്നും ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോ ട്രാൻസ്ഫർ സ്ഥിരീകരിക്കുന്നതിന് മുൻപാണ് ക്ലോപ്പ് ഇക്കാര്യം പറഞ്ഞത്.

"ഫുട്ബോളിനെ പിന്തുണക്കുന്ന ആളെന്ന നിലയിലാണ് ഞാൻ റൊണാൾഡോ ട്രാൻസ്‌ഫറിനെ കാണുന്നത്. നിങ്ങൾക്ക് അതേപ്പറ്റി കൂടുതൽ അറിവ് ഉണ്ടായിരിക്കാം. ഞാനതെക്കുറിച്ച് വിധി പറയേണ്ട ആവശ്യമില്ല, എന്നാൽ മറ്റു ക്ലബുകൾക്ക് ഇതുപോലെ ചെയ്യാൻ കഴിയുമെങ്കിൽ അതു തീർച്ചയായും ഭാവിക്കു വേണ്ടിയുള്ള ബിസിനസല്ല. മൂന്നോ നാലോ വർഷം കഴിഞ്ഞാൽ അതിൽ നിന്നും നേട്ടമുണ്ടാകില്ല. അതിപ്പോഴത്തേക്കു വേണ്ടി മാത്രമാണ്."

"ചില ക്ലബുകൾ അങ്ങിനെയാണ് പ്രവർത്തിക്കുന്നത്. അതിൽ കുഴപ്പമില്ലെങ്കിലും വ്യത്യസ്‌തമായ വഴികളും ഉണ്ടാകണം. ഒന്നോ രണ്ടോ മൂന്നോ വർഷത്തിനു ശേഷവും ടീം ഉണ്ടായിരിക്കണം. കിരീടങ്ങൾ നേടാൻ കഴിയുന്നത് നല്ലതാണ്, എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ക്വാഡ് ഉണ്ടെങ്കിലും എല്ലാ വർഷവും അതു സാധ്യമല്ല. അതിനു കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ ഒരു ക്ലബെന്ന നിലയിലും ടീമെന്ന നിലയിലും വികസിക്കുന്നുണ്ടെന്നും ഇതെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും ഉറപ്പു വരുത്തണം. അതാണ് ഞങ്ങൾ ചെയ്യുന്നതും ചെയ്‌തു കൊണ്ടിരിക്കുന്നതും," ക്ലോപ്പ് പറഞ്ഞു.

"ഒന്നാമതായി, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ട്രാൻസ്ഫറിൽ പ്രത്യേകിച്ചും, വാണിജ്യപരമായ വശങ്ങളും ഉണ്ടായിരിക്കും. എന്നാൽ പിഎസ്‌ജി മെസിയെ വാങ്ങിയത് വാണിജ്യപരമായ ആവശ്യങ്ങൾക്കാണെന്നു ഞാൻ കരുതുന്നില്ല. ഒരു ഫുട്ബോൾ ടീമിന് ഇനിയും ഒരുപാട് നൽകാൻ മെസിക്ക് കഴിയുമെന്നതിനാൽ അവർ താരത്തെ സ്വന്തമാക്കി."

"ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലേക്കു വന്നാൽ അതാണ് പ്രധാന ഉദ്ദേശം. എനിക്കൊരിക്കലും വാണിജ്യപരമായ നേട്ടങ്ങൾക്കു വേണ്ടിയൊരു സൈനിങ്‌ നടത്തേണ്ടി വന്നിട്ടില്ല, അതെന്തു തന്നെ അർത്ഥമാക്കിയാലും. ആരും എന്നോട് അതിനു വേണ്ടി ആവശ്യപ്പെട്ടിട്ടുമില്ല. അവരത് ആവശ്യപ്പെട്ടാൽ ഞാനതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങും," ലിവർപൂൾ പരിശീലകൻ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit