നിർണായക മത്സരങ്ങൾക്കു മുൻപ് ബയേൺ മ്യൂണിക്ക് അഭ്യൂഹങ്ങൾ, പരാതിയുമായി ക്ലോപ്പ്


ലിവർപൂൾ മുന്നേറ്റനിര താരം സാഡിയോ മാനെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പരാതിപ്പെട്ട് യർഗൻ ക്ലോപ്പ്. തന്റെ കരിയറിലെ നിർണായക മത്സരങ്ങൾക്കു മുൻപ് ബയേൺ മ്യൂണിക്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയരുന്നത് ഇതാദ്യമായല്ലെന്നും ടീമിലെ താരങ്ങളുടെ ശ്രദ്ധ മാറാൻ അതു കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
ഫൈനലിന് ദിവസങ്ങൾക്കു മുൻപേയാണ് ലിവർപൂളിലെ പ്രധാന താരമായ മാനെയെയും ബയേണിനെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടാകുന്നത്. ഇതിനു പുറമെ മൊഹമ്മദ് സലായുടെ ഭാവിയെ സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. മുൻപ് ബയേൺ മ്യൂണിക്കിന്റെ പ്രധാന എതിരാളികളായ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകനായിരുന്നു ക്ലോപ്പ് എന്നിരിക്കെയാണ് ഈ വാർത്തകൾ പുറത്തു വരുന്നത്.
Jurgen Klopp on the Sadio Mane to Bayern rumours:
— Footy Accumulators (@FootyAccums) May 27, 2022
"It's not the first time in my career a Bayern Munich rumour comes up before a big game!" 🤣 pic.twitter.com/sZAyMNWbmf
"ഇത് അതിനെപ്പറ്റി സംസാരിക്കാനുള്ള ഒരു സമയമല്ല. സാഡിയോ അടുത്ത സീസണിൽ എവിടെ കളിച്ചാലും ഒരു വമ്പൻ താരമായി തുടരും എന്നതിൽ സംശയമില്ല. എന്റെ കരിയറിൽ ഇതാദ്യമായല്ല ഒരു നിർണായക മത്സരത്തിനു മുൻപേ ബയേൺ മ്യൂണിക്ക് അഭ്യൂഹങ്ങൾ വരുന്നത്. ഞാനെന്താണ് ചെയ്തത് എന്നറിയില്ല, അതു സംഭവിക്കുകയാണ്." ക്ലോപ്പ് മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.
റോബർട്ട് ലെവൻഡോസ്കി ക്ലബ് വിടുമെന്നുറപ്പിച്ചതിനാൽ പകരക്കാരനായി ഒരു മുന്നേറ്റനിര താരത്തെ ടീമിലെത്തിക്കാനാണ് ബയേൺ മ്യൂണിക്ക് മാനെയെ നോട്ടമിടുന്നത്. അതേസമയം തന്റെ ഭാവിയെ കുറിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം അറിയാമെന്നാണ് കഴിഞ്ഞ ദിവസം മാനെ അഭ്യൂഹങ്ങളിൽ പ്രതികരിച്ചത്. മാനേയുടെ ലിവർപൂൾ കരാർ അവസാനിക്കാൻ ഇനിയൊരു വർഷം മാത്രമാണ് ബാക്കിയുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.