ലിവർപൂൾ-ആഴ്സണൽ മത്സരത്തിനിടെ അർടെട്ടയുമായുണ്ടായ വാക്കുതർക്കത്തിന്റെ കാരണം വെളിപ്പെടുത്തി ക്ളോപ്പ്


മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന ആഴ്സനലിനെ നിലം പരിശാക്കുന്ന പ്രകടനമാണ് ഇന്നലെ ആൻഫീൽഡിൽ ലിവർപൂൾ കാഴ്ച വെച്ചത്. സാഡിയോ മാനെ, ഡിയഗോ ജോട്ട, മൊഹമ്മദ് സലാ, ടാകുമി മിനാമിനോ തുടങ്ങിയവർ വല കുലുക്കിയപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് സ്വന്തം മൈതാനത്ത് ജയിച്ചു കയറിയ ലിവർപൂൾ പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്തു.
ഇരുടീമുകളുടെയും പരിശീലകർ തമ്മിലുള്ള വാക്കു തർക്കത്തിനും മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ആദ്യപകുതിയിൽ ഒരു ഫൗളിനു വേണ്ടി ആഴ്സണൽ ബെഞ്ചിലുള്ളവർ വാദിച്ചപ്പോൾ അതിനോട് ക്ളോപ്പ് കടുത്ത ഭാഷയിൽ പ്രതികരിക്കുകയും അത് പരിശീലകർ തമ്മിലുള്ള വാഗ്വാദത്തിനു കാരണമാവുകയുമാണുണ്ടായത്. മത്സരത്തിനു ശേഷം ഇതേക്കുറിച്ച് ക്ളോപ്പ് തന്റെ പ്രതികരണം അറിയിക്കുകയുണ്ടായി.
? Jurgen Klopp on the Arteta incident:
— Anfield Watch (@AnfieldWatch) November 20, 2021
"I'm really sick of these situations that everybody tries to go for Sadio in these moments." ? pic.twitter.com/W4tVVDyIVO
"അതു ഞാൻ ഉദ്ദേശിച്ച കാര്യമായിരുന്നില്ല. സാഡിയോ മാനെ വളരെ കൃത്യമായൊരു ഹെഡിങ് ചലഞ്ച് നടത്തിയതാണു സംഭവം. അവിടെയാരും ഫൗൾ നടത്തിയില്ല, താരങ്ങൾ എഴുന്നേൽക്കുകയും ചെയ്തു. അവിടൊന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു."
"കായികപരമായി കളിക്കുന്ന ഒരു താരമാണ് മാനെ- അവന്റെ കാര്യത്തിൽ അങ്ങിനെ ചെയ്യാൻ പാടില്ല, അത് പലപ്പോഴും സംഭവിച്ചിട്ടുള്ളതുമാണ്. അവർ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് താരത്തിനെതിരെ തിരിഞ്ഞപ്പോൾ എനിക്ക് അതിനു തിരിച്ചെന്തെങ്കിലും പറയാതിരിക്കാൻ കഴിയുമായിരുന്നില്ല."
"സാഡിയോ മാനെയിൽ നിന്നും യാതൊരു ഫൗളും ഉണ്ടാകാത്ത സാഹചര്യമായിരുന്നു. എന്നാൽ അതൊരു റെഡ് കാർഡെന്ന പോലെയാണ് ആഴ്സണൽ ബെഞ്ച് എഴുന്നേറ്റത്. അപ്പോൾ ഞാൻ അവരോട് എന്താണ് വേണ്ടതെന്നു ചോദിക്കുകയുണ്ടായി."
"അത്ലറ്റികോക്കെതിരെ ഞങ്ങൾക്ക് മാനെയെ പിൻവലിക്കേണ്ടി വന്നു, കാരണം അവർക്ക് താരത്തിന് മറ്റൊരു മഞ്ഞക്കാർഡ് കൂടി നേടിക്കൊടുക്കാൻ വേണ്ടി ശ്രമിച്ചു. പക്ഷെ ഇത്തവണ റഫറി വളരെ നല്ല രീതിയിലാണ് അതു കൈകാര്യം ചെയ്തത്. ഞാൻ മഞ്ഞക്കാർഡ് അർഹിച്ചിരുന്നു. നടന്ന സംഭവം ശരിയായ കാര്യം ആയിരുന്നില്ല, അതാ നിമിഷത്തിൽ സംഭവിച്ചു പോയതാണ്." ക്ളോപ്പ് ബിബിസിയോട് പറഞ്ഞു.
ആ സംഭവത്തിനു ശേഷം ആൻഫീൽഡ് ഒന്നുകൂടി ഉണർന്നപ്പോൾ മത്സരവും കൂടുതൽ വാശിയേറിയതാവുകയും പൊരുതിക്കളിച്ച ലിവർപൂൾ വിജയം നേടുകയുമായിരുന്നു. ഇതോടെ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനോടേറ്റ തോൽവിയുടെ ക്ഷീണം മറക്കാനും അവർക്കായി.