Football in Malayalam

ചെൽസിക്കെതിരെ തോൽവി വഴങ്ങിയ മത്സരത്തിൽ സലായെ നേരത്തെ പിൻവലിച്ചത്തിന്റെ കാരണം പറഞ്ഞ് ക്ലോപ്പ്

Sreejith N
Liverpool v Chelsea - Premier League
Liverpool v Chelsea - Premier League / Laurence Griffiths/Getty Images
facebooktwitterreddit

ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ സൂപ്പർതാരം സലായെ പിൻവലിച്ച തീരുമാനത്തിന്റെ കാരണം വ്യക്തമാക്കി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. മേസൺ മൗണ്ട് നാൽപത്തിരണ്ടാം മിനുട്ടിൽ നേടിയ ഗോളിൽ ചെൽസി വിജയം നേടിയ മത്സരത്തിൽ അറുപത്തിരണ്ടാം മിനുട്ടിലാണ് ടീമിന്റെ ടോപ് സ്കോററായ സലായെ ക്ലോപ്പ് പിൻവലിച്ചത്. പോർച്ചുഗൽ താരം ജോട്ടയാണ് സലാക്ക് പകരം കളത്തിലിറങ്ങിയത്.

"എനിക്ക് സാഹസം കാണിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ആ തീരുമാനത്തിൽ യാതൊരു കുഴപ്പവുമില്ല. ഓരോ സമയത്തും ശരിയെന്നു തോന്നുന്ന തീരുമാനങ്ങളാണ് ഞാൻ എടുക്കുന്നത്," മത്സരത്തിന് ശേഷം ബിബിസി സ്പോർട്സിനോട് സംസാരിക്കുമ്പോൾ ജർമൻ പരിശീലകൻ വ്യക്തമാക്കി.

"ഞാൻ മാനെയെയോ ഫിർമിനോയെയോ പിൻവലിക്കേണ്ടിയിരുന്നതായിരുന്നു. എന്നാൽ ആ സമയത്ത് അത് സലായെ ആയിരുന്നു എന്നാണ് എനിക്കു തോന്നിയത്. ഞങ്ങൾ പകരം ഇറക്കിയ മിൽനർ ടീമിനെ ഉണർത്താനും മത്സരത്തിലേക്ക് തിരിച്ചു വരാനും സഹായിച്ചു, ഞങ്ങൾക്ക് ഒരേയൊരു അവസരം ആവശ്യമായിരുന്നു."

ആദ്യമായാണ് ലിവർപൂളിന്റെ ഒരു ഹോം മത്സരത്തിൽ ഇത്ര നേരത്തെ സലാ പിൻവലിക്കപ്പെടുന്നത്. ഈജിപ്ഷ്യൻ താരം പിൻവലിക്കപ്പെട്ടതിനു പിന്നാലെ താരത്തിന്റെ ഏജന്റായ റാമി അബ്ബാസ് ഇസ ട്വിറ്ററിൽ ഇട്ട പോസ്റ്റും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടതാണോ എന്നുറപ്പില്ലെങ്കിലും ഒരു വിരാമ ചിഹ്നമാണ് ഇസ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്‌

ഈ സീസണ് ശേഷം സലാ ലിവർപൂൾ വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തെ ക്ലോപ്പ് നേരത്തെ പിൻവലിച്ചതെന്നതും ശ്രദ്ധേയമാണ്. ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകളിൽ കളിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന താരം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ബുദ്ധിമുട്ടുന്ന ലിവർപൂൾ വിടാനുള്ള സാധ്യത കൂടുതലാണ്.

facebooktwitterreddit