അവസാന പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് സലായുടെ പരിക്കിനെക്കുറിച്ച് വെളിപ്പെടുത്തി ക്ലോപ്പ്
By Sreejith N

ഈ സീസണിലെ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്‌സിനെ നേരിടാൻ ലിവർപൂൾ ഒരുങ്ങി നിൽക്കെ ടീമിലെ സൂപ്പർതാരം സലായുടെ പരിക്കിനെക്കുറിച്ച് വെളിപ്പെടുത്തി പരിശീലകൻ യർഗൻ ക്ലോപ്പ്. ചെൽസിക്കെതിരെ നടന്ന എഫ്എ കപ്പ് ഫൈനൽ മുപ്പതു മിനുട്ട് പിന്നിട്ടപ്പോഴായിരുന്നു സലാക്ക് പരിക്കേറ്റത്.
അവസാന പ്രീമിയർ ലീഗ് മത്സരവും റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും അടുത്തിരിക്കെ നാല് ലിവർപൂൾ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. സലാക്കു പുറമെ എഫ്എ കപ്പ് ഫൈനലിൽ വിർജിൽ വാൻ ഡൈക്കിനും പരിക്കു പറ്റിയിരുന്നു. ഇതിനു പുറമെ ഫാബിന്യോ, ജോ ഗോമസ് എന്നിവരും പരിക്കേറ്റു പുറത്താണ്.
Klopp says he's not taking 'any risk' with Salah amid Son Golden Boot race.https://t.co/9hixwHusnj
— Emma de Duve (@emma_deduve) May 20, 2022
"സലാക്ക് ഒരു സാഹസത്തിനു മുതിരാൻ താൽപര്യമില്ലെന്നതിൽ സംശയമില്ല. നിലവിൽ കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിലും താരങ്ങളാണ് മുന്നോട്ടു വരേണ്ടത്. എന്നെ സംബന്ധിച്ച്
ടീമിനു താളം കിട്ടുന്നതിനായി അവർ എല്ലാവരും വീക്കെൻഡിൽ നടക്കുന്ന മത്സരം കളിക്കണം. അതല്ലെങ്കിൽ ബെഞ്ചിൽ വേണം, അവരെ ഇറക്കണോ വേണ്ടയോ എന്നു പിന്നീട് തീരുമാനിക്കാം, പക്ഷെ അവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്." ക്ലോപ്പ് പറഞ്ഞു.
ജോ ഗോമസും ഉടൻ തന്നെ പരിക്കിൽ നിന്നും മുക്തനാകുമെന്ന പ്രതീക്ഷയും ക്ലോപ്പ് പ്രകടിപ്പിച്ചു. താരം ഗുരുതരമായി പരിക്കു പറ്റേണ്ട സാഹചര്യത്തിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആ പരിക്കു പറ്റിയ സമയത്ത് എല്ലാവർക്കും ആശങ്ക ഉണ്ടായിരുന്നെങ്കിലും കരുതിയത്ര ഗുരുതരമല്ല അതിന്റെ അവസ്ഥയെന്ന് ക്ലോപ്പ് വ്യക്തമാക്കി.
ലിവർപൂൾ പങ്കുവെച്ച ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത് സലാ, വാൻ ഡൈക്ക് എന്നിവർ പരിക്കിൽ നിന്നും മുക്തരായി ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട് എന്നാണ്. ഇരുവരും അവസാന പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും റയലിനെതിരെ ഉണ്ടാകുമെന്ന് തീർച്ചയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.