Liverpool News

"ലിവർപൂളിനെക്കുറിച്ച് ആശങ്ക വേണ്ട"- മാനേയുടെ അഭാവം എങ്ങിനെ പരിഹരിക്കുമെന്നു വ്യക്തമാക്കി യർഗൻ ക്ലോപ്പ്

Sreejith N
Klopp Confident Liverpool Can Perform Well Without Mane
Klopp Confident Liverpool Can Perform Well Without Mane / Clive Brunskill/GettyImages
facebooktwitterreddit

ടീമിലെ പ്രധാന താരമായിരുന്ന സാഡിയോ മാനെ ക്ലബ് വിട്ടതിന്റെ അഭാവം പരിഹരിക്കാൻ ലിവർപൂളിന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിൽ പരിശീലകൻ യർഗൻ ക്ലോപ്പ്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ മാനെയുടെ അഭാവം ലിവർപൂൾ മുന്നേറ്റനിരയെ ബാധിക്കില്ലെന്നും തങ്ങളെക്കുറിച്ചോർത്ത് ആശങ്ക വേണ്ടെന്നും ക്ലോപ്പ് പറഞ്ഞു.

സൗത്താംപ്റ്റണിൽ നിന്നും ലിവർപൂളിലേക്ക് ചേക്കേറി നൂറിലധികം ഗോളുകൾ നേടി ടീമിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ സാഡിയോ മാനെ സമ്മറിൽ ക്ലബ് വിട്ടെങ്കിലും മൊഹമ്മദ് സലാ കരാർ പുതുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഫിർമിനോ, ജോട്ട, ലൂയിസ് ഡയസ്. ഡാർവിൻ നുനസ് എന്നീ താരങ്ങൾ കൂടിയുള്ള ലിവർപൂളിന്റെ പദ്ധതികളും ക്ലോപ്പ് വ്യക്തമാക്കി.

"സാഡിയോ എത്ര മികച്ച താരമായിരുന്നുവെന്ന് നമുക്കറിയാം. താരം എത്ര മികച്ചതായിരുന്നു എന്നു ഞങ്ങൾ മനസിലാക്കുകയും ചെയ്യും. കാരണം മറ്റൊരാൾക്കും ചെയ്യാൻ കഴിയാത്ത 'സാഡിയോ നീക്കങ്ങൾ' താരത്തിനു മാത്രം സ്വന്തമാണ്." ക്ലോപ്പ് സ്കൈ സ്പോർട്ട്സിനോട് പറഞ്ഞു.

"അതൊരു മോശം കാര്യമല്ല. കാരണം രണ്ടു വർഷങ്ങൾക്ക് മുൻപ് ജോട്ട ഇവിടെയെത്തുകയും ഞങ്ങൾക്കായി മനോഹരമായ കാര്യങ്ങൾ ചെയ്യുകയുമുണ്ടായി. പരിക്കുകൾ മൂലം ബോബി ഫിർമിനോക്ക് പ്രതീക്ഷിച്ച പ്രകടനം കഴിഞ്ഞ സീസണിൽ നടത്താൻ കഴിഞ്ഞില്ലെങ്കിലും താരം നൂറു ശതമാനം ഫിറ്റ്‌നസോടെ പരിശീലനത്തിനു തിരിച്ചെത്തിയിട്ടുണ്ട്. ലോകോത്തര താരമാണ് അദ്ദേഹം."

"ഞങ്ങളെക്കുറിച്ചാലോചിച്ച് ആശങ്കപ്പെടുകയോ ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിച്ചിരിക്കുകയോ വേണ്ട. ഒരേ കാര്യങ്ങൾ എല്ലാ വർഷവും ചെയ്യുകയെന്നത് സാധ്യമല്ല. ഞങ്ങൾക്ക് അടിത്തറയിൽ നിന്നും പടുത്തുയർത്തി മറ്റു ടീമുകൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നൽകണം. അതിനു വേണ്ടിയാണ് മറ്റു കഴിവുകളുള്ള താരങ്ങളെ ഞങ്ങൾ സ്വന്തമാക്കിയത്." ക്ലോപ്പ് വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ നാല് കിരീടങ്ങൾ നേടുന്നതിന്റെ തൊട്ടരികിൽ ലിവർപൂൾ എത്തിയിരുന്നെങ്കിലും പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും അവർക്ക് കാലിടറി. നിരവധി വർഷങ്ങളായി സ്ഥിരതയുള്ള പ്രകടനം നടത്തുന്നതിനാൽ അടുത്ത സീസണിലും ലിവർപൂളിന് അതിനു കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

അതേസമയം ഇന്ന് ആദ്യത്തെ പ്രീ സീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുകയാണ് ലിവർപൂൾ. തായ്‌ലൻഡിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം 6.30നാണു ആരംഭിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit