ലിവർപൂളിനു ക്രിയാത്മകത നഷ്‌ടമായി, ആഴ്‌സണലിനോടു സമനില വഴങ്ങിയതിൽ പ്രതികരിച്ച് ക്ളോപ്പ്

Liverpool v Arsenal - Carabao Cup Semi Final First Leg
Liverpool v Arsenal - Carabao Cup Semi Final First Leg / Chloe Knott - Danehouse/GettyImages
facebooktwitterreddit

ആഴ്‌സണലിനെതിരായ കറബാവോ കപ്പ് സെമി ഫൈനലിൽ ലിവർപൂൾ തെറ്റായ തീരുമാനങ്ങൾ എടുത്തതും ക്രിയാത്മകത നഷ്ടമായതുമാണ് മത്സരം സമനിലയിൽ അവസാനിക്കാൻ കാരണമായതെന്ന് പരിശീലകൻ യർഗൻ ക്ളോപ്പ്. സലാ, മാനെ, കെയ്റ്റ എന്നിവരില്ലാതെയാണ് ലിവർപൂൾ ഇറങ്ങിയതെങ്കിലും ആദ്യപകുതിയിൽ തന്നെ ഷാക്ക ചുവപ്പുകാർഡ് നേടി പുറത്തുപോയതിനാൽ ലിവർപൂളിന് വിജയം നേടാൻ മികച്ച അവസരമുണ്ടായിരുന്നു.

എന്നാൽ ചുവപ്പുകാർഡ് വഴങ്ങി പത്തു പേരായി ചുരുങ്ങിയതിനു ശേഷം ലിവർപൂളിന്റെ മുന്നേറ്റങ്ങൾക്കു പ്രതിരോധക്കോട്ട കെട്ടുന്നതിൽ ആഴ്‌സണൽ പൂർണമായും വിജയിക്കുകയായിരുന്നു. പതിനേഴു ഷോട്ടുകൾ ലിവർപൂൾ ഉതിർത്തതിൽ ഒരെണ്ണം മാത്രമേ ഓൺ ടാർഗറ്റ് ഉണ്ടായിരുന്നുള്ളൂ എന്നത് മത്സരത്തിൽ ആഴ്‌സനൽ പ്രതിരോധം നടത്തിയ മികച്ച പ്രകടനത്തിനു തെളിവാണ്.

"ഞങ്ങളുടെ സാഹചര്യം, അതു മുൻപേ തന്നെ ഞങ്ങൾ പറഞ്ഞിട്ടുണ്ട്, അതൊരു ഒഴികഴിവല്ല, യഥാർത്ഥ കാരണങ്ങളുടെ വിശദീകരണമാണ്‌, ഞങ്ങൾക്ക് ലൈനപ്പ് മാറ്റേണ്ടി വന്നിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ക്ളോപ്പ് പറഞ്ഞു.

"മത്സരം തുടങ്ങിയ രീതി എനിക്കിഷ്‌ടമായി, തുടക്കത്തിൽ കണ്ടതെല്ലാം എനിക്ക് ബോധിച്ചിരുന്നു. ഞങ്ങൾ മുന്നിൽ തന്നെ നിന്നിരുന്നു, ആവശ്യമുള്ള സമയത്തെല്ലാം ഞങ്ങൾ മത്സരത്തിന്റെ ഗതി മാറ്റുകയും ചെയ്‌തു. മത്സരം ഞങ്ങൾ ആഗ്രഹിച്ചതു പോലെ തന്നെയാണ് ആരംഭിച്ചത്. എന്നാൽ ചുവപ്പുകാർഡ് വന്നതിനു ശേഷം ലോ ബ്ലോക്കിനോട് കളിക്കുന്നത് ദുഷ്‌കരമായി."

"അതിനും മുകളിലായി ഞങ്ങൾ തെറ്റായ തീരുമാനങ്ങൾ എടുത്തിരുന്നു. ഞങ്ങൾ സമ്മർദ്ദത്തിന് അടിമപ്പെട്ടു കളിക്കുന്നതു പോലെയാണ് തോന്നിയത്. അതൊരു തരത്തിലും യുക്തിപരമല്ല. അതൊരു അസാധാരണ സാഹചര്യമായിരുന്നു. നിങ്ങൾ വിജയത്തിനു വേണ്ടിയാണ് കളിച്ചതെങ്കിലും നിങ്ങൾക്ക് പലതും നഷ്ടമാകുന്ന അവസ്ഥയും വന്നേക്കാം." ക്ളോപ്പ് പറഞ്ഞു.

ലിവർപൂളിനെതിരെ പൊരുതി നേടിയ സമനില ആഴ്‌സനലിനെ സംബന്ധിച്ച് നേട്ടമാണ്. ടൂർണമെന്റിന്റെ ഫൈനലിൽ എത്താനുള്ള നിർണായകമായ പോരാട്ടം ഈ മാസം 21നു സ്വന്തം മൈതാനത്താണ് നടക്കുകയെന്നത് ആഴ്‌സലിനു ലിവർപൂളിനെ മറികടക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.