സൂപ്പർപോരാട്ടത്തിനു മുൻപ് സലായെയും റൊണാൾഡോയെയും താരതമ്യം ചെയ്‌ത്‌ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകർ

Sreejith N
Real Madrid v Liverpool - UEFA Champions League Final
Real Madrid v Liverpool - UEFA Champions League Final / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നാളെ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഏറ്റുമുട്ടാനിരിക്കെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, മൊഹമ്മദ് സലാ എന്നിവരെ താരതമ്യം ചെയ്‌ത്‌ പരിശീലകരായ യർഗൻ ക്ലോപ്പും ഒലെ ഗുണ്ണാർ സോൾഷെയറും. സലായുടെ ഇടതുകാൽ റൊണാൾഡോയുടെ ഇടതുകാലിനേക്കാൾ മികച്ചതാണെന്ന് ക്ളോപ്പ് പറഞ്ഞപ്പോൾ റൊണാൾഡോയെ എല്ലായിപ്പോഴും പിന്തുണക്കുമെന്നാണ് സോൾഷെയർ അഭിപ്രായപ്പെട്ടത്.

"നമ്മളെന്തിനാണ് താരതമ്യം ചെയ്യുന്നത്? രണ്ടാളും ലോകോത്തര നിലവാരമുള്ള താരങ്ങളാണ്. സലായുടെ ഇടതുകാൽ മികച്ചതാണെന്ന് ഞാൻ പറയും, റൊണാൾഡോക്ക് വായുവിൽ കൂടുതൽ ആധിപത്യമുള്ളതിനു പുറമെ താരത്തിന്റെ വലതുകാൽ മികച്ചതാണ്. വേഗതയെക്കുറിച്ച് ചോദിച്ചാൽ രണ്ടു പേർക്കും വേഗതയുണ്ട്, ഗോളുകൾ നേടാനുള്ള ആഗ്രഹവുമുണ്ട്. എന്നാൽ താരതമ്യം ചെയ്യാൻ ഞാനില്ല," ക്ലോപ്പ് പറഞ്ഞു.

അതേസമയം സോൾഷെയർ ഇങ്ങിനെയാണ്‌ അഭിപ്രായപ്പെട്ടത്. "ഞാനേതു മത്സരത്തിലും റൊണാൾഡോക്കാണ് പിന്തുണ നൽകുക. സമാനതകളില്ലാത്ത താരമായ റൊണാൾഡോ ഗോളുകൾ നേടിയതിന്റെ റെക്കോർഡ് മനോഹരമാണ്. അതു പറഞ്ഞെങ്കിലും നിലവിൽ സലാ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്, അദ്ദേഹം മുൻപ് നേടിയ ചില ഗോളുകൾ കണ്ടാൽ അതിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ചതു തന്നെ ഞങ്ങൾ കരുതണമെന്നു മനസിലാവും."

"ഇതുപോലെയുള്ള താരങ്ങൾ എല്ലായിപ്പോഴും ഉണ്ടാവുന്നവയല്ല. നമ്മൾ അവരെ ദൂരെ നിന്നും കാണുമ്പോൾ ആസ്വദിക്കുക തന്നെ വേണം. എന്നാൽ അതൊരിക്കലും ഞായറാഴ്ചയല്ല, അതെനിക്ക് വളരെ അടുത്താണ്," മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ വ്യക്തമാക്കി.

ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാത്ത ലിവർപൂളിനു തന്നെയാണു നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ മുൻ‌തൂക്കം കൽപ്പിക്കുന്നത് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വന്തം മൈതാനത്ത് ആവേശം വിതക്കുന്ന കാണികൾക്കിടയിൽ വിജയം നേടുക അവർക്ക് എളുപ്പമായിരിക്കില്ല. അതിനു പുറമെ കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റാക്കെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ചു നേടിയ വിജയവും മാഞ്ചസ്റ്റർ യുണൈറ്റഡിന് ആത്മവിശ്വാസമാണ്.


facebooktwitterreddit