Premier League

ലിവർപൂളിന്റെ ക്വാഡ്രപ്പിൾ സാധ്യതകൾ ഇല്ലാതായി, ടോട്ടനത്തിനെതിരായ സമനിലയിൽ പ്രതികരിച്ച് ക്ലോപ്പ്

Sreejith N
Klopp Admits Quadruple Is Unlikely For Liverpool After Tottenham Draw
Klopp Admits Quadruple Is Unlikely For Liverpool After Tottenham Draw / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ഇന്നലെ രാത്രി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോസ്‌പറിനോട് സമനില വഴങ്ങിയതോടെ ഈ സീസണിൽ ക്വാഡ്രപ്പിൾ കിരീടങ്ങൾ നേടാനുള്ള ലിവർപൂളിന്റെ സാധ്യതകൾ ഇല്ലാതായെന്ന് പരിശീലകൻ യർഗൻ ക്ലോപ്പ്. ലിവർപൂളിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ സോണിന്റെ ഗോളിൽ മുന്നിലെത്തിയ ടോട്ടനം വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലൂയിസ് ഡയസ് നേടിയ ഗോളിലാണ് ലിവർപൂൾ സമനില നേടിയത്.

ലിവർപൂൾ സമനില വഴങ്ങിയതോടെ ഇന്നു രാത്രി ന്യൂകാസിൽ യുണൈറ്റഡുമായി നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ പോയിന്റ് വ്യത്യാസം മൂന്നാക്കി വർധിപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയും. ശേഷമുള്ള മൂന്നു മത്സരങ്ങൾ കൂടി വിജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കു കഴിഞ്ഞാൽ ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാം. ഇതോടെ കറബാവോ കപ്പ്, എഫ്എ കപ്പ് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ സ്വന്തമാക്കി റെക്കോർഡ് നേട്ടം കുറിക്കാനുള്ള ലിവർപൂളിന്റെ മോഹങ്ങൾക്കു കൂടി അവസാനമാകും.

"വളരെ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നെങ്കിലും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സാധ്യതയുള്ള ഒരു ടീമിനെതിരെ എന്റെ താരങ്ങൾ നടത്തിയ പ്രകടനം സന്തോഷം നൽകി. പ്രത്യാക്രമണങ്ങൾ നടത്താൻ ലോകോത്തര താരങ്ങൾ സ്‌പർസിനു സ്വന്തമായുണ്ട്. അത് ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമല്ലാതെയാക്കുന്നു. ഒരു ഗോളിന് പിന്നിലായതു തന്നെ ദുഷ്‌കരമായ കാര്യമാണെങ്കിലും ഞങ്ങൾ സമാധാനത്തോടെ തുടർന്ന് സമനില ഗോൾ കണ്ടെത്തി."

"ഞാൻ സന്തോഷവാനല്ല, എന്നാൽ കളിക്കാരുടെയത്ര വിഷമം എനിക്കില്ല. ഇതുപോലെയുള്ള കാര്യങ്ങൾ എങ്ങിനെ സംഭവിക്കുന്നു എന്നതു വിശദീകരിക്കൽ എന്റെ ജോലിയാണ്. ഹാരി കേനും സോണും മുഴുവനായും വിശ്രമം ലഭിച്ച താരങ്ങളാണ്, അതു വളരെ ബുദ്ധിമുട്ടുണ്ടാക്കി. അതുകൊണ്ടു തന്നെയാണ് ക്വാഡ്രപ്പിൾ നേടാനുള്ള സാധ്യത വളരെ കുറഞ്ഞത്. ഇവിടെ ആർക്കുമത് നേടാൻ കഴിയാതിരുന്നതിന് ഒരു കാരണമുണ്ട്. എന്നാൽ ഞങ്ങൾ മുന്നോട്ടു തന്നെ പോകും." ക്ലോപ്പ് പറഞ്ഞു.

ലിവർപൂളിന്റെ പ്രകടനം മികച്ചതായിരുന്നെങ്കിലും ഒരാഴ്ച്ച മുഴുവൻ തയ്യാറെടുപ്പിനായി അവസരം ലഭിച്ച എതിരാളികൾ മികച്ച രീതിയിൽ പ്രത്യാക്രമണം സംഘടിപ്പിച്ചുവെന്നും ക്ലോപ്പ് പറഞ്ഞു. വിജയം നേടാൻ കഴിയാതിരുന്നതിൽ തന്റെ താരങ്ങൾക്ക് കടുത്ത നിരാശയുണ്ടെന്നും ജർമൻ പരിശീലകൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit