Football in Malayalam

"എന്താണു സംഭവിക്കുന്നതെന്നു തന്നെ ലിവർപൂളിന് മനസിലായിരുന്നില്ല"- എസി മിലാനെതിരായ തിരിച്ചു വരവിനെക്കുറിച്ച് ക്ളോപ്പ്

Sreejith N
Liverpool FC v AC Milan: Group B - UEFA Champions League
Liverpool FC v AC Milan: Group B - UEFA Champions League / Matthew Ashton - AMA/Getty Images
facebooktwitterreddit

എസി മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ എന്താണ് സംഭവിക്കുന്നതെന്നു തന്നെ ലിവർപൂളിനു മനസിലായിരുന്നില്ലെന്ന് പരിശീലകൻ യർഗൻ ക്ളോപ്പ്. ആൻഫീൽഡിൽ വെച്ചു നടന്ന മത്സരത്തിൽ ലിവർപൂൾ ആധിപത്യം സ്ഥാപിച്ച് തുടക്കത്തിൽ തന്നെ മുന്നിൽ എത്തിയിരുന്നെങ്കിലും ശൂന്യതയിൽ നിന്നെന്ന പോലെ രണ്ടു മിനുറ്റിനിടെ രണ്ടു ഗോളുകൾ മിലാൻ നേടിയത് ആതിഥേയരെ ഞെട്ടിച്ചിരുന്നു.

ഫിക്കായോ ടോമോറിയുടെ സെൽഫ് ഗോളിൽ ഒൻപതാം മിനുട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തിയതിനു ശേഷം സലാക്ക് ലീഡുയർത്താൻ അവസരം ലഭിച്ചെങ്കിലും പെനാൽറ്റി താരം പാഴാക്കി. അതിനു ശേഷം ആദ്യ പകുതിക്കു മുൻപ് റെബിക്, ഡയസ് എന്നിവരിലൂടെ എസി മിലാൻ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ മൊഹമ്മദ് സലാ, ജോർദാൻ ഹെൻഡേഴ്‌സൺ എന്നിവരിലൂടെ ലിവർപൂൾ വിജയം നേടുകയായിരുന്നു.

"വളരെ ആവേശകരവും രസകരവുമായ പത്തു പതിനഞ്ചു മിനുട്ടിനു ശേഷം ഞങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഞങ്ങൾക്ക് ഒതുങ്ങി കളിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ സ്വന്തം ഫുട്ബോളും അതിലെ സങ്കീർണതകളും കൊണ്ട് അകന്നു പോയപ്പോൾ അവർ രണ്ടു ഗോളുകളാണ് നേടിയത്. എന്നാൽ അതിനു ശേഷം ഞങ്ങൾ മികച്ച ഫുട്ബോൾ കളിച്ച് രണ്ടു ഗോളുകൾ നേടി."

"ഞങ്ങൾ വളരെ നല്ല രീതിയിലാണ് തുടക്കം കുറിച്ചത്. മികച്ച ഗെയിമാണ് ഞങ്ങൾ കളിച്ചത്. തീവ്രമായ ഗെയിം ഫുട്ബോൾ എന്ന തലത്തിൽ നോക്കുമ്പോഴും മികവുറ്റതായിരുന്നു. ഞങ്ങൾ ലഭിച്ച എല്ലാ സ്‌പേസുകളും ഉപയോഗപ്പെടുത്തി ഒരു സമയം വരെ അവർക്ക് യാതൊരു അവസരവും നൽകിയില്ല. ആദ്യപകുതിയുടെ അവസാനമിനിറ്റുകളിൽ അവർ ഞങ്ങളെ ശിക്ഷിച്ചെങ്കിലും അതിനും മുൻപേ അതു തുടങ്ങിയിരുന്നു. എപ്പോഴാണെന്ന് എനിക്കറിയില്ല." ക്ളോപ്പ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പ്രായശ്ചിത്തമായി രണ്ടാം പകുതിയിൽ നേടിയ ഗോളിലൂടെ ലിവർപൂൾ ഇതിഹാസം ജെറാർഡിന്റെ റെക്കോർഡിനൊപ്പമെത്താൻ സലാക്ക് കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ പതിനാലു ഗോളുകൾ നേടിയ സലാ യൂറോപ്യൻ പോരാട്ടത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ലിവർപൂൾ താരമെന്ന ജെറാർഡിന്റെ റെക്കോർഡിനൊപ്പമാണ് എത്തിയത്.

facebooktwitterreddit