സൗത്താംപ്ടനെതിരെ പൊരുതി വിജയം നേടിയിട്ടും ലിവർപൂളിന്റെ കിരീടസാധ്യതകൾ തള്ളിക്കളഞ്ഞ് ക്ലോപ്പ്


സൗതാംപ്ടനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിയതിനു ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് ലിവർപൂൾ നേടിയ വിജയത്തിനു ശേഷവും ടീം ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള സാധ്യത തള്ളിക്കളഞ്ഞ് പരിശീലകൻ യർഗൻ ക്ലോപ്പ്. എന്നാൽ അവസാന മത്സരത്തിലും വിജയം നേടുകയെന്ന ഉത്തരവാദിത്വം ടീമിനു മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴോളം മാറ്റങ്ങളുമായി ഇന്നലത്തെ മത്സരം കളിക്കാനിറങ്ങിയ ലിവർപൂൾ പതിമൂന്നാം മിനുട്ടിൽ നഥാൻ റെഡ്മണ്ട് നേടിയ ഗോളിലാണ് മത്സരത്തിൽ പിന്നിലായിപ്പോയത്. എന്നാൽ അതിനു പിന്നാലെ തന്നെ ടാകുമി മിനാമിനോയും രണ്ടാം പകുതിയിൽ ജോയൽ മാറ്റിപ്പും നേടിയ ഗോളുകളിലൂടെ ലിവർപൂൾ വിജയം നേടി മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി നിലനിർത്തുകയായിരുന്നു.
Liverpool title win 'not likely but possible', says Klopp https://t.co/il98ZChVRw pic.twitter.com/YJlHPOncuQ
— Reuters (@Reuters) May 18, 2022
തീർച്ചയായും പ്രീമിയർ ലീഗ് വിജയം നേടാനുള്ള സാധ്യതയില്ല. കാരണം വാരാന്ത്യത്തിൽ സിറ്റി സ്വന്തം മൈതാനത്ത് ആസ്റ്റൺ വില്ലക്കെതിരെയാണ് കളിക്കുന്നത്. ആസ്റ്റൺ വില്ലക്കാണെങ്കിൽ വ്യാഴാഴ്ച വേറെ മത്സരവുമുണ്ട്." ക്ലോപ്പ് ബിബിസിയോട് സംസാരിക്കുമ്പോൾ പറഞ്ഞു.
"പക്ഷെ ഇത് ഫുട്ബോളാണ്. 2019 സിറ്റി ചാമ്പ്യന്മാരാകുമ്പോൾ അതു വെറും മില്ലിമീറ്ററുകളുടെ വ്യത്യാസത്തിലായിരുന്നു. ഞങ്ങൾ ചാമ്പ്യന്മാരാകണമെങ്കിൽ ഞങ്ങൾ വിജയിക്കുകയും ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഒരു പോയിന്റ് നേടുകയും ചെയ്യണം. അത് സംഭവ്യമായ ഒന്നല്ല, പക്ഷെ സാധ്യമാണ്. അത്രയും മതി." ക്ലോപ്പ് വ്യക്തമാക്കി.
അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയാൽ ചരിത്രത്തിൽ ആദ്യമായി നാല് കിരീടങ്ങൾ ഒരു സീസണിൽ നേടുന്ന ആദ്യത്തെ പ്രീമിയർ ലീഗ് ക്ലബെന്ന നേട്ടം സ്വന്തമാക്കാൻ ലിവർപൂളിനുള്ള സാദ്ധ്യതകൾ കൂടിയാണ് മങ്ങുന്നത്. ഇപ്പോൾ തന്നെ കറബാവോ കപ്പും എഫ്എ കപ്പും നേടിയ ലിവർപൂളിന് ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലും ബാക്കി കിടക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.