ലൈസ്റ്റർ സിറ്റിക്കെതിരായ തോൽവി ലിവർപൂൾ അർഹിച്ചതു തന്നെയെന്ന് യർഗൻ ക്ളോപ്പ്


ലിവർപൂൾ വളരെ മോശം മത്സരമാണ് ലൈസ്റ്റർ സിറ്റിക്കെതിരെ നടത്തിയതെന്ന് പരിശീലകൻ യർഗൻ ക്ളോപ്പ്. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു തോൽവി വഴങ്ങിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രീമിയർ ലീഗിൽ ഇരുപത്തിയൊമ്പതു മത്സരങ്ങൾക്കു ശേഷമാണ് ലിവർപൂൾ ഒരു കളിയിൽ ഗോൾ നേടാൻ പരാജയപ്പെടുന്നത്.
ആദ്യപകുതിയിൽ അവസരങ്ങൾ തുറന്നെടുക്കാൻ ബുദ്ധിമുട്ടിയ ലിവർപൂളിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും സലായുടെ ഷോട്ട് ഗോൾകീപ്പർ ഷ്മൈഷൽ തടുത്തിട്ടു. അതിനു ശേഷം രണ്ടാം പകുതിയിൽ അഡെമോള ലുക്ക്മാനാണ് ലൈസ്റ്റർ സിറ്റിയുടെ ഗോൾ നേടിയത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ആറു പോയിന്റ് പിന്നിലേക്ക് റെഡ്‌സ് വീഴുകയും ചെയ്‌തു.
Salah misses penalty as Leicester stun Liverpool ??
— Sky Sports Premier League (@SkySportsPL) December 28, 2021
"ഞങ്ങൾ വളരെ മോശം മത്സരമാണ് കളിച്ചത്. അതിനാൽ തന്നെ ഈ തോൽവി അർഹിക്കുന്നതായിരുന്നു. മൈതാനത്ത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വളരെ മോശമായിരുന്നു, ഭാഗ്യവും കൂടെയുണ്ടായില്ല. അതങ്ങിനെയാണ്. അതു രണ്ടും കൂടുതൽ വേണമായിരുന്നു. വിജയം നേടാനുള്ള അവസരം ഉണ്ടായിരുന്നു എങ്കിലും തോൽക്കുന്ന മത്സരങ്ങളിൽ അവ കൂടുതൽ ആവശ്യമാണ്."
"ഞങ്ങളുടെ തുടക്കം വലിയ കുഴപ്പമില്ലായിരുന്നു, അതിനു ശേഷം ഞങ്ങൾക്ക് താളം നഷ്‌ടമായി, പിന്നീടത് തിരിച്ചു ലഭിക്കുകയും ചെയ്‌തില്ല. അതിനു ശേഷം ഞങ്ങൾ പരമാവധി സമ്മർദ്ദം ചെലുത്തി, കൂടുതലൊന്നും പറയാനില്ല. സാഹചര്യങ്ങളും അതിനു കാരണമായി- ലൈസ്റ്റർ രണ്ടു ദിവസം മുൻപേ കളിച്ചിരുന്നു, അവർ ഈ വിജയം തീർച്ചയായും അർഹിക്കുന്നു." ക്ളോപ്പ് പറഞ്ഞു.
ലിവർപൂളിനെ സംബന്ധിച്ച് ഈ തോൽവി പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകൾക്കേറ്റ കനത്ത തിരിച്ചടിയാണ്. ജനുവരി ആദ്യ വാരത്തിൽ ടീമിലെ സൂപ്പർതാരങ്ങളായ മാനെ, സലാ എന്നിവർ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ പങ്കെടുക്കാൻ പോകും എന്നതിനാൽ അവർ വീണ്ടും പുറകോട്ടു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.