Indian Football

ഖാലിദ് ജമീലിനെ പരിശീലകനായി പ്രഖ്യാപിച്ച് എഫ്.സി ബംഗളൂരു യുണൈറ്റഡ്

Haroon Rasheed
Khalid Jamil has been announced as the new manager of FC Bengaluru United
Khalid Jamil has been announced as the new manager of FC Bengaluru United / Indian Super League
facebooktwitterreddit

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഇന്ത്യന്‍ പരിശീലകന്‍ ഖാലിദ് ജമീല്‍ ക്ലബ് വിട്ടു. കര്‍ണാടക ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എഫ്.സി ബംഗളുരു യുണൈറ്റഡാണ് പുതിയ തട്ടകം. 2009 മുതല്‍ പരിശീലകനായും സഹപരിശീലകനായും ക്ലബുകളുടെ ഭാഗമായിട്ടുള്ള ജമീൽ ഇന്ത്യയെ ഏറ്റവും മികച്ച പരിചയസമ്പന്നായ പരിശീകരിൽ ഒരാളാണ്.

2009 മുതൽ 2015 വരെ മുംബൈ എഫ്.സിയെ പരിശീലിപ്പിച്ച ഖാലിദ് 2016-17 സീസണില്‍ ഐസ്വാള്‍ എഫ്.സിക്കൊപ്പമായിരുന്നു. പിന്നീട് ഈസ്റ്റ് ബംഗാളിലെത്തിയ ജമീല്‍ 2019ല്‍ മോഹന്‍ ബഗാനെയും പരിശീലിപ്പിച്ചു. പിന്നീടായിരുന്നു സഹപരിശീലകനായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലെത്തുന്നത്. 2020ല്‍ നോര്‍ത്ത് ഈസ്റ്റിന്റെ താല്‍ക്കാലിക പരിശീലകനായി ചുമതലയേറ്റ ജമീല്‍ 2021ല്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുഖ്യ പരിശീലക വേഷത്തിലെത്തി. നോര്‍ത്ത് ഈസ്റ്റിനെ ഐ.എസ്.എല്ലിന്റെ സെമി ഫൈനല്‍വരെ എത്തിക്കാനും ജമീലിന് കഴിഞ്ഞിരുന്നു.

"ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവും കുടുതല്‍ ആവശ്യക്കാരുള്ള പരിശീലകരില്‍ ഒരാളാണ് ഖാലിദ്," ജമീലിനെ ക്ലബിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എഫ്.സി ബംഗളൂരു യുണൈറ്റഡ് ഉടമ ഗൗരവ് മഞ്ചന്ദ വ്യക്തമാക്കി. "എഫ്. സി ബംഗളൂരു യുണൈറ്റഡ് വളര്‍ച്ചയുടെ പാതയിലാണ്, ഖാലിദിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആവേശമുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ക്ലബ് കൂടുതല്‍ ഉയരങ്ങളിലെത്തുന്നത് ഞങ്ങള്‍ക്ക് കാണാനാകും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വിവിധ ലീഗുകളില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനും ഖാലിദ് ജമീല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2021ല്‍ ഐ ലീഗ് ക്വാളിഫയേഴ്‌സിൽ കളിച്ച ക്ലബാണ് എഫ്.സി ബംഗളൂരു.


facebooktwitterreddit