Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാനുണ്ടായ കാരണം വ്യക്തമാക്കി യുഎഫ്‌സി താരം ഖബീബ്

Sreejith N
Juventus v Atalanta - Pre-Season Friendly
Juventus v Atalanta - Pre-Season Friendly / Jonathan Moscrop/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ഫുട്ബോൾ ലോകത്തെ ഇളക്കി മറിച്ച ട്രാൻസ്‌ഫറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെത്. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ആദ്യം ഉയർന്നതെങ്കിലും തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു തന്നെയാണ് ഒടുവിൽ ആരാധകരെ ആവേശത്തിലാഴ്ത്തി താരം എത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ ഇറ്റാലിയൻ ക്ലബിനോട് വിടപറഞ്ഞുവെങ്കിലും യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടുകയെന്ന വെല്ലുവിളി പൂർത്തീകരിക്കും മുൻപ് ക്ലബ് വിട്ടതിനെ കുറിച്ച് വ്യക്തമായൊരു മറുപടി നൽകിയിരുന്നില്ല. ഇപ്പോൾ അതിന്റെ കാരണം റൊണാൾഡോയുടെ സുഹൃത്തും മുൻ യുഎഫ്‌സി താരവുമായ ഖബീബ് വെളിപ്പെടുത്തി.

"ഞങ്ങളുടെ സ്വകാര്യ ചാറ്റ് നിങ്ങൾക്കു മുന്നിൽ പരസ്യമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇറ്റലിയിൽ ബോറടിക്കുന്നുണ്ടെന്നും ഇംഗ്ലണ്ടിലേക്ക് തിരിച്ചു വരാൻ താൽപര്യമുണ്ടെന്നും താരം എന്നോടു പറഞ്ഞിരുന്നു. ഞാനും ഇറ്റാലിയൻ ഫുട്ബോളിന്റെ ആരാധകനല്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗാണെങ്കിൽ ഞാനതു മാറ്റാറില്ല, അവിടെയുള്ള ഏതൊരു ടീമിനും മികച്ച പ്രകടനം നടത്താനാവും." സ്‌പോർട്24നോട് ഖബീബ് പറഞ്ഞു.

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മികച്ച താരങ്ങളാണെങ്കിലും മെസിയെക്കാൾ റൊണാൾഡോക്കാണ് ഫുട്ബോളിൽ പ്രഭാവമെന്നും ഖബീബ് പറഞ്ഞു. " റൊണാൾഡോ പതിനേഴു വർഷമായി മുൻനിരയിൽ നിൽക്കുകയാണ്. 2004ൽ യൂറോ കപ്പിന്റെ ഫൈനലിൽ ഉണ്ടായിരുന്ന താരം 2021ലും ഗോളുകൾ നേടുകയാണ്. താരത്തെപ്പോലൊരു പ്രതിഭാസം ഉണ്ടായിട്ടില്ല. മെസി പന്ത്രണ്ടു വർഷമായിട്ടാണു ഫുട്ബോളിലെ മികച്ച താരമായി നിൽക്കുന്നതെങ്കിൽ ക്രിസ്റ്റ്യാനോ പതിനേഴു വർഷമായി." ഖബീബ് വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ റൊണാൾഡോ ആദ്യത്തെ മത്സരം കളിക്കുന്നതിനു വേണ്ടി ആരാധകർ കാത്തിരിക്കയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ട്രെയിനിങ് ആരംഭിച്ച താരം സെപ്‌തംബർ 11നു ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോഡിൽ വെച്ചു നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇറങ്ങുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

facebooktwitterreddit