Football in Malayalam

'മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായ വരദാനം ദൈവം മെസിക്കു നൽകിയിട്ടുണ്ട്' - അർജന്റീന നായകനെക്കുറിച്ച് കെയ്‌ലർ നവാസ്

Sreejith N
Lionel Messi in PSG training
Lionel Messi in PSG training / FRANCK FIFE/Getty Images
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത് ഫ്രഞ്ച് ക്ലബിന്റെ ആരാധകർക്കും താരങ്ങൾക്കും വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. പല താരങ്ങളും മെസിക്കൊപ്പം കളിക്കാൻ കഴിയുന്നതിന്റെ സന്തോഷവും ആവേശവും പങ്കു വെക്കുകയും ചെയ്‌തിരുന്നു. മുൻ റയൽ മാഡ്രിഡ് താരവും നിലവിൽ പിഎസ്‌ജി ഗോൾകീപ്പറുമായ കെയ്‌ലർ നവാസും കഴിഞ്ഞ ദിവസം മെസിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ കഴിയുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

"ലിയോ വളരെ മഹത്തായ വ്യക്തിയാണ്. ഞങ്ങൾ ലാ ലിഗയിൽ കളിക്കുമ്പോൾ തന്നെ അദ്ദേഹത്തെ എനിക്കറിയാമായിരുന്നു. എന്നാലിപ്പോൾ ഞങ്ങൾ ഒരുമിച്ചു സമയം പങ്കിടുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. വളരെ ലാളിത്യവും എളിമയും കഠിനാദ്ധ്വാനം ചെയ്യുന്നവനുമായ താരമാണ് മെസി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായൊരു വരദാനം അദ്ദേഹത്തിന് ദൈവം നൽകിയിട്ടുണ്ട്. എങ്കിലും പരിശീലനത്തിൽ അദ്ദേഹം നന്നായി അധ്വാനിക്കുകയും പ്രചോദനം നൽകുകയും ചെയ്യും," റേഡിയോ കൊളംബിയയോട് നവാസ് പറഞ്ഞു.

"അദ്ദേഹവുമായി വീണ്ടും ഡ്രസിങ് റൂം ഷെയർ ചെയ്യാൻ കഴിയുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്. മാഡ്രിഡിൽ ആയിരുന്നപ്പോൾ ഞാനും എന്റെ ഫാമിലിയും താരവുമായി മികച്ചൊരു സൗഹൃദം സൃഷ്‌ടിച്ചിരുന്നു. ഞങ്ങളെ താരം വളരെയധികം സഹായിക്കുമെന്ന് ഉറപ്പാണ്. അതിനു പുറമെ നല്ല മനുഷ്യർ ചുറ്റിലും ഉണ്ടാകുമ്പോൾ ഫുട്ബോളിന് അപ്പുറത്തുള്ള ജീവിതവും വളരെ സന്തോഷം നിറഞ്ഞതായിരിക്കും."

അതേ സമയം, ആരാധകർ കാത്തിരിക്കുന്ന മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഈ വാരാന്ത്യത്തിൽ നടക്കാനിരിക്കെയാണ്‌. റീംസിനെതിരെ ഞായറാഴ്‌ച രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ മെസി ഇറങ്ങുമെന്നതിന്റെ സൂചനകൾ പരിശീലകനായ പോച്ചട്ടിനോ നൽകിയിട്ടുണ്ട്. അതിനു ശേഷം അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാൻ താരം ദേശീയ ടീമിന്റെ ക്യാംപിലേക്കു പോകും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit