Football in Malayalam

സ്വപ്നതുല്യമായ നേട്ടങ്ങൾ സമ്മാനിച്ച റയൽ മാഡ്രിഡിൽ നേരിട്ട പ്രധാന പ്രതിസന്ധി വെളിപ്പെടുത്തി കെയ്‌ലർ നവാസ്

Sreejith N
RB Leipzig v Paris Saint-Germain: Group H - UEFA Champions League
RB Leipzig v Paris Saint-Germain: Group H - UEFA Champions League / Maja Hitij/Getty Images
facebooktwitterreddit

ലോകകപ്പിൽ കോസ്റ്ററിക്കക്കൊപ്പം നടത്തിയ മികച്ച പ്രകടനത്തിന് ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ കെയ്‌ലർ നവാസിന് ക്ലബിലെ ഒന്നാം നമ്പർ ഗോൾകീപ്പർ എന്ന സ്ഥാനം സ്ഥിരമായി ലഭിക്കുമെന്നതിന് ഉറപ്പൊന്നും ഇല്ലായിരുന്നു. എന്നാൽ ഡി ഗിയക്ക് വേണ്ടിയുള്ള റയലിന്റെ ശ്രമങ്ങൾ നിരന്തരം പരാജയപ്പെടുകയും അതുമൂലം ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് തിളങ്ങുകയും ചെയ്‌തതോടെ റയലിന്റെ ഗോൾവലക്ക് കീഴിൽ വളരെക്കാലം വിശ്വസ്തനായി തുടരാൻ നവാസിനായി.

നിലവിൽ പിഎസ്‌ജിക്കൊപ്പം കളിക്കുന്ന നവാസ് ഒട്ടനവധി നേട്ടങ്ങളാണ് റയൽ മാഡ്രിഡിനൊപ്പം സ്വന്തമാക്കിയിട്ടുള്ളത്. തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കി റയൽ മാഡ്രിഡ് ചരിത്രമെഴുതിയപ്പോൾ ഗോൾവല കാത്തിരുന്ന നവാസ് അതിനു പുറമെ ഒരു ലാ ലിഗയും മൂന്നു ക്ലബ് ലോകകപ്പും രണ്ട് യുവേഫ സൂപ്പർകപ്പും ഒരു സ്‌പാനിഷ്‌ സൂപ്പർകപ്പും ലോസ് ബ്ലാങ്കോസിനൊപ്പം സ്വന്തമാക്കി.

സ്വപ്നതുല്യമായ ഒരു കരിയറാണ് സ്പെയിനിൽ പൂർത്തിയാക്കിയതെങ്കിലും റയൽ മാഡ്രിഡിൽ തനിക്ക് നേരിടേണ്ടി വന്ന പ്രധാന പ്രതിസന്ധിയെ കുറിച്ച് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. "പാരിസിൽ എല്ലാവരിൽ നിന്നുമുള്ള സ്നേഹം ഞാൻ അനുഭവിക്കുന്നുണ്ട്. എന്നാൽ സ്പെയിനിൽ ക്ലബിലെ ഒരു വിഭാഗം ആളുകൾ എന്നെ പൂർണമായും വിശ്വസിച്ചിരുന്നില്ലെന്ന തോന്നലായിരുന്നു എനിക്കുണ്ടായിരുന്നത്," പിഎസ്‌ജി ഒഫിഷ്യൽ മാഗസിനോട് നവാസ് പറഞ്ഞു.

"റയൽ മാഡ്രിഡ് ആരാധകർ എന്നോട് കാണിച്ച അനന്തമായ സ്നേഹത്തിലും പിന്തുണയിലും എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ ടീം മാറിയെങ്കിൽ പോലും അവർ ആ സ്നേഹം ഇപ്പോഴും എന്നോട് കാണിക്കുന്നുണ്ട്. റയലിലെ സഹതാരങ്ങളും എന്നിൽ വിശ്വാസമർപ്പിച്ചിരുന്നു. പിഎസ്‌ജിയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. എല്ലാവരും എന്നെ വിശ്വസിക്കുന്നു, ഓരോ മത്സരത്തിലും ഞാനത് തിരിച്ചു നൽകാൻ ബാധ്യസ്ഥനാണ്."

കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുകയും ഫ്രഞ്ച് ലീഗ് കിരീടം നേടുകയും ചെയ്‌ത നവാസ് ഈ സീസണിലും അതേ ഫോം തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ ആദ്യ പാദത്തിൽ തകർത്തു വിട്ട് ക്വാർട്ടർ ഏറെക്കുറെ ഉറപ്പിച്ചു നിൽക്കുന്ന പിഎസ്‌ജി ഫ്രഞ്ച് ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്.

facebooktwitterreddit