പി.എസ്.ജിയിലെ റൊട്ടേഷന്‍ റോളില്‍ അസന്തുഷ്ടനാണെന്ന സൂചന നൽകി കെയ്ലർ നവാസ്

തന്നെയും ജിയാൻലൂജി ഡോണരുമ്മയെയും മാറ്റി മാറ്റി കളിപ്പിക്കുന്ന പി.എസ്.ജിയിലെ സാഹചര്യം മാറേണ്ടതുണ്ടെന്ന് ഗോള്‍ കീപ്പര്‍ കെയ്ലര് നവാസ്. സഹഗോള്കീപ്പര് ഡോണരുമ്മയുമായി റൊട്ടേഷന്‍ റോള്‍ ചെയ്യുന്നതില്‍ താൻ അസന്തുഷ്ടനാണെന്ന സൂചനകൾ നൽകുന്നതാണ് നവാസിന്റെ വാക്കുകൾ.
ഡോണരുമ്മ പി.എസ്.ജിയിലെത്തുന്നതിന് മുന്‍പ് പി.എസ്.ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു നവാസ്. എന്നാല്‍ ഡോണരുമ്മ പി.എസ്.ജിയിലെത്തിയതോടെയാണ് സാഹചര്യങ്ങള്‍ മാറിയത്. ഇരു താരങ്ങൾക്കും അവസരം നൽകിയാണ് പരിശീലകൻ മൗറിസിയോ പൊച്ചറ്റീനോ മുന്നോട്ട് പോകുന്നത്. നിലവില്‍ പി.എസ്.ജിയുടെ ദീര്‍ഘകാലത്തേക്കുള്ള ഒന്നാം നമ്പര്‍ ഗോളിയായിട്ടാണ് ഡോണരുമ്മയെ കാണുന്നത്. ഇത് സങ്കീര്‍ണമാണെന്നാണ് കനാല്പ്ലസിനോട് നവാസ് വ്യക്തമാക്കിയത്.
”ഞാന്‍ പാരിസില്‍ സന്തോഷവാനാണ്. എനിക്ക് ഡോണരുമ്മയുമായി നല്ല ബന്ധമുണ്ട്. പക്ഷെ എല്ലാ മത്സരങ്ങളും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സീസണിലെ അതേ സാഹചര്യം (ഭാവിയില്‍) സങ്കീര്‍ണമാകും. സാഹചര്യങ്ങള്‍ മാറേണ്ടതുണ്ട്,” നവാസ് വ്യക്തമാക്കി.
നവാസ് ഈ സീസണില്‍ പി.എസ്.ജിക്കായി 18 ലീഗ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇതില്‍ 15 ഗോളുകള്‍ വഴങ്ങുകയും എട്ട് ക്ലീന്‍ ഷീറ്റുകൾ നേടിയിട്ടുമുണ്ട്. ബുധനാഴ്ച ആഗേഴ്സിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചപ്പോള്‍ നവാസായിരുന്നു പി.എസ്.ജിയുടെ വലകാത്തിരുന്നത്. 3 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുൾപ്പെടെ, 23 മത്സരങ്ങളിലാണ് ഈ സീസണിൽ പിഎസ്ജിക്കായി നവാസ് വലകാത്തിട്ടുള്ളത്. അതേസമയം ഡോണരുമ്മ 15 ലീഗ് മത്സരങ്ങൾ, 5 ചാംപ്യന്‍സ് ലീഗ് മത്സരങ്ങൾ ഉൾപ്പെടെ 22 മത്സരങ്ങളിൽ പി.എസ്.ജിക്കായി കളിച്ചിട്ടുണ്ട്.