ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളെ തഴഞ്ഞ് ഡിബാല റോമയിലേക്ക് ചേക്കേറിയതിനു പിന്നിലെ കാരണങ്ങൾ


യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറിയ ഡിബാല ഏറെ നാളത്തെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് ചേക്കേറിയത്. ആറു മില്യൺ യൂറോ പ്രതിവർഷം പ്രതിഫലമായി ലഭിക്കുന്ന മൂന്നു വർഷത്തെ കരാർ മൗറീന്യോ പരിശീലകനായ ക്ലബുമായി ഒപ്പിട്ട താരം ടീമിനൊപ്പം ചേർന്ന് മെഡിക്കൽ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.
ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള നിരവധി ക്ലബുകൾ അർജന്റീന താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും അവരെയെല്ലാം തഴഞ്ഞ് ഡിബാല റോമയിലേക്ക് ചേക്കേറിയത് ആരാധകരിൽ പലർക്കും അത്ഭുതമായിരുന്നു. എന്നാൽ നിരവധി ഘടകങ്ങൾ ഇതിനു പിന്നിലുണ്ടെന്നാണ് മാർക്ക വെളിപ്പെടുത്തുന്നത്. ക്ലബ് ഇതിഹാസമായ ടോട്ടിയും പരിശീലകൻ മൗറീന്യോയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഫ്രെയ്ഡ്കിന്നെന്ന അമേരിക്കൻ ഉടമകൾക്ക് കീഴിൽ മികച്ചൊരു പ്രൊജക്റ്റാണ് റോമ മുന്നോട്ടു വെക്കുന്നത്. ഇതിനു പുറമെ ക്ലബിന്റെ പത്താം നമ്പർ ജേഴ്സി ഡിബാലക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രാൻസിസ്കോ ടോട്ടിക്കൊപ്പം റിട്ടയർ ചെയ്ത ആ ജേഴ്സി താരം തന്നെയാണ് ഡിബാലക്ക് വാഗ്ദാനം ചെയ്തത്. ഡിബാലയെ ടീമിലെത്തിക്കാനും ടോട്ടി ഇടപെടലുകൾ നടത്തുകയുണ്ടായി. എന്നാൽ ടോട്ടിയുടെ പത്താം നമ്പർ ജേഴ്സി ഡിബാല നിരസിച്ച് 21ആം നമ്പർ ജേഴ്സി തിരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ലോകകപ്പ് നടക്കുന്ന വർഷത്തിൽ യൂറോപ്പ ലീഗിൽ കളിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറുന്നതിലൂടെ വലിയൊരു സാഹസമാണ് ഡിബാല ചെയ്യുന്നത് എന്നതിനാൽ താരത്തിന് വളരെ കുറഞ്ഞൊരു റിലീസ് ക്ലോസ് റോമയുമായുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വെറും ഇരുപതു മില്യനാണ് റിലീസിംഗ് ക്ലോസിലെ തുക.
അടുത്ത സീസണിൽ റോമ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ ഈ റിലീസിംഗ് ക്ലോസ് ഉപയോഗപ്പെടുത്തി ഡിബാലക്ക് കുറച്ചുകൂടി മെച്ചപ്പെട്ട മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ കഴിയും. ഇതും റോമയിലേക്കുള്ള ട്രാൻസ്ഫർ തിരഞ്ഞെടുക്കാൻ താരത്തെ പ്രേരിപ്പിച്ചു.
പരിശീലകൻ മൗറീന്യോയുടെ ഇടപെടലാണ് ഡിബാലയെ റോമയിലെത്തിച്ച മറ്റൊരു ഘടകം. താരത്തെ നേരിട്ട് വിളിച്ച് തന്റെ പദ്ധതികൾ മൗറീന്യോ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് നേടാൻ റോമയെ സഹായിച്ച പോർച്ചുഗീസ് പരിശീലകന് കൂടുതൽ നേട്ടങ്ങൾ ടീമിന് നൽകാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.