ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനേക്കാൾ താൽപര്യം മറ്റൊരു പ്രീമിയർ ലീഗ് കിരീടം നേടാനെന്ന് കെവിൻ ഡി ബ്രൂയ്ൻ


ചാമ്പ്യൻസ് ലീഗ് വിജയം നേടുന്നതിനേക്കാൾ താൽപര്യം മറ്റൊരു പ്രീമിയർ ലീഗ് കിരീടം കൂടി സ്വന്തമാക്കുന്നതിനോടെന്ന് മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്ൻ. ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതകൾ ടീമിന്റെ ഭാഗ്യനിർഭാഗ്യങ്ങളെ അടിസ്ഥാനമാക്കി നിൽക്കുമ്പോൾ പ്രീമിയർ ലീഗ് കിരീടം ഒരു താരത്തിന്റെയും ടീമിന്റെയും സ്ഥിരതയാണ് കാണിച്ചു തരുന്നതെന്നാണ് ഡി ബ്രൂയ്ന്റെ അഭിപ്രായം.
ബാഴ്സലോണക്കോപ്പം രണ്ടു തവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ പെപ് ഗ്വാർഡിയോളക്ക് പിന്നീട് ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കൊപ്പം അതിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കീഴടങ്ങിയ ടീം ഇത്തവണ തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കിരീടം നേടാൻ ശ്രമിച്ചു കൊണ്ടിരിക്കെയാണ് ഡി ബ്രൂയ്ന്റെ പരാമർശം.
De Bruyne insisted he would still rather win the Premier League than the Champions League ? #mcfc https://t.co/0p6fSpBINL
— Manchester City News (@ManCityMEN) March 6, 2022
"എനിക്ക് തിരഞ്ഞെടുക്കണമെങ്കിൽ ഞാൻ പ്രീമിയർ ലീഗ് കിരീടമാണ് തിരഞ്ഞെടുക്കുക. അത് ഒരു സീസൺ മുഴുവൻ കാഴ്ച വെക്കേണ്ട കളിക്കാരുടെ സ്ഥിരതയെ അടയാളപ്പെടുത്തുന്നു. അതേസമയം ചാമ്പ്യൻസ് ലീഗിൽ നമ്മൾ മികച്ചതാകണം, എന്നാൽ കൂടുതൽ മത്സരങ്ങളുള്ള ലീഗുമായി താരതമ്യം ചെയ്യുമ്പോൾ അതു പലപ്പോഴും ഒരു ലോട്ടറി പോലെയാണ്." ഡി ബ്രൂയ്ൻ പറഞ്ഞത് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു
"പാരമ്പര്യം എന്നത് എന്താണ് അർത്ഥമാക്കുന്നത്? ഉദാഹരണത്തിന് ഞങ്ങൾ കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് നേടിയാൽ എന്റെ വ്യക്തിപരമായ നേട്ടങ്ങൾ വലുതാകുമോ? ഒരു കളിക്കാരനെന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം ഇല്ല. ചാമ്പ്യൻസ് ലീഗ് നേടാത്ത നിരവധി ഇതിഹാസങ്ങളുണ്ട്. എന്റെ കരിയറിന്റെ അവസാനത്തിൽ ഞാൻ നേടാത്ത കാര്യങ്ങൾ തിരിഞ്ഞു നോക്കില്ല."
"ഒരുപാട് വിജയങ്ങൾ നേടണമെന്ന് എനിക്കറിയാമെങ്കിലും ഒരു ട്രോഫി കൂടി കരിയറിൽ എന്താണ് നിങ്ങൾ നേടിയതെന്നു നിർവചിക്കുന്നില്ല. ഒരു കായികതാരത്തിനു തോൽക്കുന്ന സമയമെല്ലാം വേദന തന്നെയാകും. പക്ഷെ വേദനിപ്പിക്കുന്ന നിമിഷങ്ങൾ നല്ലതാണെന്നു ഞാൻ കരുതുന്നു. എല്ലായിപ്പൊഴും എല്ലാം നന്നായി നടക്കുന്ന ജീവിതം ഉണ്ടാകില്ല, അതങ്ങിനെയല്ല പ്രവർത്തിക്കുന്നത്." ഡി ബ്രൂയ്ൻ പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.