Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് മുൻപ് സിറ്റി പരിശീലനം നടത്തിയത് വെറും 10 മിനുറ്റുകൾ മാത്രമെന്ന് ഡിബ്രൂയിൻ

By Gokul Manthara
Manchester United v Manchester City - Premier League
Manchester United v Manchester City - Premier League / Clive Brunskill/GettyImages
facebooktwitterreddit

ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന കാര്യം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് അറിയില്ലായിരുന്നുവെന്നും അത് കൊണ്ടു തന്നെ അവർക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന പോരാട്ടത്തിന് മുൻപ് വെറും 10 മിനുറ്റുകൾ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലനം നടത്തിയതെന്നും അവരുടെ മധ്യനിര സൂപ്പർ താരമായ കെവിൻ ഡിബ്രൂയിൻ. മിക്ക മത്സരങ്ങൾക്ക് മുൻപും എതിരാളികൾ എങ്ങനെയായിരിക്കും കളിക്കാൻ പോവുന്നതെന്ന കാര്യത്തിൽ പെപ്പിന്‌ കൃത്യമായ ബോധ്യമുണ്ടായിരിക്കുമെന്നും എന്നാൽ യുണൈറ്റഡിനെതിരായ പോരാട്ടത്തിന് മുൻപ് അക്കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തതയില്ലായിരുന്നുവെന്നും മിഡ്മിഡ് പോഡ്കാസ്റ്റിനോട് സംസാരിക്കവെ ഡിബ്രൂയിൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി വിജയം കാണുകയായിരുന്നു. എറിക്ക് ബെയിലിയുടെ സെൽഫ് ഗോളും, ബെർണാഡോ സിൽവയുടെ ഗോളുമായിരുന്നു ഈ മത്സരത്തിൽ പെപ്പിനും സംഘത്തിനും ഉജ്ജ്വല ജയം സമ്മാനിച്ചത്. എന്നാൽ കാര്യമായ തയ്യാറെടുപ്പുകളില്ലാതെയെത്തിയാണ് ഈ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ, സിറ്റി തകർത്തതെന്നാണ് ഡിബ്രൂയിന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്.

"എതിരാളികൾ എങ്ങനെയാണ് കളിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി മത്സരങ്ങൾക്ക് മുൻപുള്ള ദിവസങ്ങളിൽ ഞങ്ങൾ തന്ത്രപരമായി പരിശീലിക്കാറുണ്ട്. എന്നാൽ യുണൈറ്റഡിനെതിരായ മത്സരത്തിന് മുൻപ് പെപ് പറഞ്ഞു,'അവർ എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന് നമുക്കറിയില്ല, നമുക്ക് നോക്കാം'. പത്ത് മിനുറ്റിനോ മറ്റോ ശേഷം ഞങ്ങൾ പരിശീലനം നിർത്തി."

"പലപ്പോളും എതിരാളി എങ്ങനെയായിരിക്കും കളിക്കുകയെന്ന് പെപ്പിനറിയാം, എന്നാൽ ഇക്കുറി അദ്ദേഹത്തിന് അതറിയില്ലായിരുന്നു, അത് കൊണ്ട് എന്തു ചെയ്യണമെന്നും അദ്ദേഹത്തിനറിയില്ലായിരുന്നു. എല്ലായ്പ്പോളും ചെയ്യുന്നതെന്തോ അത് ഞങ്ങൾ ചെയ്തു (മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ). എന്നാൽ അവർ പ്രതിരോധത്തിൽ അഞ്ച് പേരെയാണോ, നാല് പേരെയാണോ‌, കളിപ്പിക്കുകയെന്നും, മുന്നിൽ മൂന്ന് പേരെയാകുമോ അണിനിരത്തുകയെന്നും അദ്ദേഹത്തിന് മുൻപ് അറിയില്ലായിരുന്നു." ഡിബ്രൂയിൻ പറഞ്ഞു നിർത്തി.

facebooktwitterreddit