നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമേതെന്നു വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്ൻ


ഫുട്ബാൾ ലോകത്തിലെ ഏറ്റവുമുയർന്ന വ്യക്തിഗത അവാർഡായ ബാലൺ ഡി ഓർ അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ ആരാണ് പുരസ്കാരം നേടുകയെന്നതിനെ സംബന്ധിച്ച് ചർച്ചകൾ വളരെ സജീവമായി തുടരുകയാണ്. ലയണൽ മെസി, ജോർജിന്യോ, കരിം ബെൻസിമ, റോബർട്ട് ലെവൻഡോസ്കി, എൻഗോളോ കാന്റെ തുടങ്ങിയ നിരവധി താരങ്ങൾക്ക് പുരസ്കാരത്തിനു സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു കളിക്കാരന് ഇത്തവണ കൃത്യമായ മുൻതൂക്കമുണ്ടെന്നു പറയാൻ കഴിയില്ല.
ഈ വർഷത്തെ ബാലൺ ഡി ഓർ ആരു നേടണമെന്നതിനെ സംബന്ധിച്ച് നിരവധി ഫുട്ബോൾ താരങ്ങളും പരിശീലകരും മുൻ താരങ്ങളുമെല്ലാം തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി താരമായ കെവിൻ ഡി ബ്രൂയ്നോട് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി കരുതുന്നത് ആരെയാണെന്നു ചോദിച്ചപ്പോൾ ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
Kevin De Bruyne believes Robert Lewandowski is the best player in the world, and would be his pick for the 2021 Ballon d'Or award.https://t.co/gMRUIpugge
— City Xtra (@City_Xtra) October 18, 2021
"ഞാനാണു തിരഞ്ഞെടുക്കേണ്ടതെങ്കിൽ, കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകളാണ് പരിഗണിക്കുക, കാരണം നമുക്ക് കഴിഞ്ഞ ഒരു വർഷം മാത്രമല്ലയുള്ളത്, ഞാൻ റോബർട്ട് ലെവൻഡോസ്കിയെ തിരഞ്ഞെടുക്കുകയും ചെയ്യും. ഗോൾസ്കോറിങ്ങിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ താരം ചെയ്തതു പരിഗണിച്ചാണ് ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്." ക്ലബ് ബ്രുഗെക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലെവൻഡോസ്കി പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഏറ്റവും വലിയ ലക്ഷ്യമായി കരുതുന്നത് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയാണെന്നും കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു. ഇംഗ്ലണ്ടിൽ നടത്തുന്ന പ്രകടനം കൊണ്ട് പലരും അതു പ്രതീക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ കാലങ്ങളിൽ ടൂർണമെന്റിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയ സിറ്റി താനുള്ളപ്പോൾ തന്നെ അതു നേടുമെന്നു കരുതുന്നുവെന്നും ബെൽജിയം താരം പറഞ്ഞു.