പ്രത്യാക്രമണശൈലിയിൽ ജയിക്കുന്നതിനേക്കാൾ തന്റെ ആശയങ്ങൾ നടപ്പിലാക്കി തോൽക്കാനാണ് ഗ്വാർഡിയോളക്കിഷ്ടമെന്ന് ഡി ബ്രൂയ്ൻ

Sreejith N
Newcastle United v Manchester City - FA Cup: Quarter Final
Newcastle United v Manchester City - FA Cup: Quarter Final / Pool/GettyImages
facebooktwitterreddit

പ്രത്യാക്രമണ ശൈലിയിൽ കളിച്ച് വിജയം നേടുന്നതിനേക്കാൾ പെപ് ഗ്വാർഡിയോള പരിഗണിക്കുന്നത് താൻ മുറുകെപ്പിടിക്കുന്ന തത്വങ്ങൾ മൈതാനത്തു നടപ്പിലാക്കി തോൽക്കുന്നതാണെന്ന് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരമായ കെവിൻ ഡി ബ്രൂയ്ൻ. മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഡി ബ്രൂയ്ൻ ഇക്കാര്യം പറഞ്ഞത്.

ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയം നേടിയിരുന്നു. അതിലുപരിയായി മനോഹരമായി ഫുട്ബോൾ കളിക്കുന്ന ഒരു ടീമും മൈതാനത്ത് എന്താണു ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുന്ന ഒരു കൂട്ടവും തമ്മിലുള്ള മത്സരം കൂടിയായിരുന്നു അത്. അതേപ്പറ്റി സംസാരിക്കുകയായിരുന്നു ബെൽജിയൻ താരം.

"പലർക്കും ഈ പറയുന്നത് മനസിലാവുക പോലുമില്ല, പക്ഷെ പ്രത്യാക്രമണ തന്ത്രങ്ങൾ ഉപയോഗിച്ച് ജയിക്കുന്നതിനേക്കാൾ തന്റെ ഫുട്ബോൾ തത്വങ്ങൾ നടപ്പിലാക്കി തോൽക്കുന്നതിനാണ് പെപ് ഗ്വാർഡിയോള പ്രാധാന്യം നൽകുക. ഫുട്ബോളിൽ ആക്രമണമാണ് അദ്ദേഹത്തിനിഷ്ടം," മിഡ്‌മൈഡ് പോഡ്‌കാസ്റ്റിൽ ഡി ബ്രൂയ്ൻ പറഞ്ഞു.

"ഓരോ മത്സരത്തിനു മുൻപും ഞങ്ങൾ ഒരു മീറ്റിങ് ചേരുകയും ഗ്വാർഡിയോള നമ്മൾ അങ്ങനെ ചെയ്യാൻ പോകുന്നു, ഇങ്ങിനെ ചെയ്യാൻ പോകുന്നു എന്നെല്ലാം പറയുകയും ചെയ്യും. അതെല്ലാം കഴിഞ്ഞാൽ ഞങ്ങൾ ചോദിക്കും 'ഹേയ് പെപ്, ആരൊക്കെയാണ് കളിക്കുന്നതെന്ന്?' കാരണം അദ്ദേഹം ചില സമയത്ത് അത് മറന്നു പോകും," ഡി ബ്രൂയ്ൻ കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് കൃത്യമായൊരു ശൈലി ഇല്ലാത്തതിനാൽ ഡെർബിക്ക് തയ്യാറെടുക്കാൻ അസാധ്യമായിരുന്നു എന്നും ഡി ബ്രൂയ്ൻ പറഞ്ഞു. അതിന്റെ തലേ ദിവസം സാധാരണ മട്ടിലാണ് പരിശീലനം നടത്തിയതെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏതു ശൈലിയിലാണ് കളിക്കുകയെന്നു നോക്കാമെന്നു പറഞ്ഞ് പത്തു മിനുട്ടിനകൾ പെപ് പരിശീലനം നിർത്തിയെന്നും താരം വെളിപ്പെടുത്തി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit