സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു; കേരളത്തെ ജിജോ ജോസഫ് നയിക്കും

The Kerala team for Santosh trophy has been announced
The Kerala team for Santosh trophy has been announced / Nitheesh
facebooktwitterreddit

75മത് സന്തോഷ് ട്രോഫിക്കായുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് അപ്പോളോ ഡിമോര്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ടീമിനെ പ്രഖ്യാപിച്ചത്. മുന്‍ ഗോകുലം കേരള പരിശീലകനായിരുന്ന ബിനോ ജോര്‍ജാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്. ടി.ജി പുരുഷോത്തമനാണ് കേരളത്തിന്റെ സഹ പരിശീലകന്‍. ജിജോ ജോസഫിനെയാണ് കേരളത്തിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് ടീം ഒരുക്കിയിട്ടുള്ളത്. ജിജോ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുള്ളത്.

2018ല്‍ കിരീടം നേടിയ കേരള ടീമിന്റെ ഭാഗമായിരുന്ന മിഥുന്‍, ഹജ്മല്‍ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരള യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ അഖില്‍, കേരള പോലീസ് പ്രതിരോധ താരം സഞ്ജു എന്നിവരാണ് നേരത്തെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ളത്. കെ.പി.എല്ലില്‍ കെ.എസ്.ഇ.ബിക്കായി ഗോളടിച്ച് കൂട്ടിയ വിക്‌നേഷ്, കെ.എസ്.ഇ.ബിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ നിജോ ഗില്‍ബേര്‍ട്, ഗോള്‍ഡന്‍ ത്രഡ്‌സിന്റെ പ്രതിരോധ താരമായ സോയല്‍ ജോഷി, ബിബിന്‍ അജയന്‍ എന്നിവരും ടീമിലുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന അര്‍ജുന്‍ ജയരാജ്, ഗോകുലം കേരളക്കൊപ്പം ഐ ലീഗ് സ്വന്തമാക്കിയ സല്‍മാന്‍ കള്ളിയത്ത് തുടങ്ങിയ താരങ്ങളും ടീമിലിടം നേടി. ഏപ്രില്‍ 16ന് രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20ന് മേഘാലയ, 22ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ വൈകിട്ട് നാലിനാണ് മത്സരം നടക്കുക.

കേരള ടീം


ഗോള്‍കീപ്പര്‍മാര്‍

വി. മിഥുന്‍

എസ്.ഹജ്മല്‍

പ്രതിരോധനിര

സോയല്‍ ജോഷി

ജി. സഞ്ജു

ബിബിന്‍ അജയന്‍

അജയ് അലക്‌സ്

മുഹമ്മദ് ഷഹീഫ്

സല്‍മാന്‍ കള്ളിയത്ത്

മധ്യനിര

ജിജോ ജോസഫ് (ക്യാപ്റ്റന്‍)

അര്‍ജുന്‍ ജയരാജ്

നിജോ ഗില്‍ബര്‍ട്ട്

മുഹമ്മദ് റാഷിദ്

പി. അഖില്‍

പി.എല്‍ നൗഫല്‍

ഷിഖില്‍

ഫസലു റഹ്മാന്‍

മുന്നേറ്റനിര

എം. വിഖ്‌നേഷ്

മുഹമ്മദ് ബാസിത്

മുഹമ്മദ് സഫ്‌നാദ്

ടി.കെ ജെസിന്‍