ആത്മവിശ്വാസവും അനുഭവസമ്പത്തും; ആദ്യ മത്സരത്തിലെ കേരളം ഇതാണ്

ആരവങ്ങള്‍ക്കും ആവേശങ്ങള്‍ക്കുമൊടുവില്‍ സന്തോഷ് ട്രോഫിക്ക് തിരശ്ശീല ഉയര്‍ന്നിരിക്കുകയാണ്. കേരളത്തിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ അല്പം പ്രത്യേകതയോടെയാണ് ഇത്തവണത്തെ സന്തോഷ് ട്രോഫിയെ എല്ലാവരും വീക്ഷിക്കുന്നത്. അതിലുപരി ഫുട്ബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന മലപ്പുറത്തിന്റെ മണ്ണായ മഞ്ചേരിയിലാണ് കിരീടത്തിനായുള്ള പോരാട്ടം നടക്കുന്നത്. ആദ്യ മത്സരത്തില്‍ കേരളം രാജസ്ഥാനെതിരേ എതിരില്ലാത്ത അഞ്ചു ഗോളിന്റെ വലിയ ജയമാണ് സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ കേരളത്തെ ജയത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെല്ലാമാണ്. ഏറ്റവും ആദ്യത്തേത് ടീമിന്റെ അനുഭവ സമ്പത്ത് തന്നെയാണ്. ഇത്തവണ കേരള ടീം സെലക്ഷന് നടത്തിയ കമ്മറ്റിക്കുള്ളതാണ് ഇതിന്റെ ആദ്യ ക്രഡിറ്റ്. നിലവില്‍ കേരളത്തില്‍ ലഭിക്കാവുന്ന ഏറ്റവും അനുഭവ സമ്പത്തുള്ള താരങ്ങളാല്‍ സമ്പന്നമാണ് കേരള നിര. ടീമിന്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം കളിക്കുന്നത് ഐ.ലീഗ്, ഐ.എസ്.എല്‍, കെ.പി.എല്‍ തുടങ്ങിയ ലീഗുകളില്‍ കളിച്ച് പരിചയമുള്ള താരങ്ങളാണ്.
4-4-2 എന്ന ഫോര്‍മേഷനിലായിരുന്നു കേരളം ഇറങ്ങിയത്. മധ്യനിരയില്‍ കളിച്ച അര്ജുന് ജയരാജ്, ജിജോ ജോസഫ്, മുഹമ്മദ് റാഷിദ് എന്നിവരായിരുന്നു മത്സരത്തിന്റെ ഗതി നിയന്ത്രിച്ചിരുന്നത് എന്ന് പറയാനാകും. മത്സരത്തിന് മുന്നോടിയായി പരിശീലകന് ബിനോ ജോര്‍ജ് ഇക്കാര്യം തന്നെയായിരുന്നു അടിവരയിട്ട് പറഞ്ഞത്. മധ്യനിരയാണ് ഇത്തവണത്തെ കേരളത്തിന്റെ കരുത്ത് എന്നത്. മധ്യനിരയില്‍ അണിനിരത്തിയ താരങ്ങള്‍ തന്നെയായിരുന്നു അറ്റാക്കിങ് മിഡിന്റെ റോളിലും ഡിഫന്‍സീവ് മിഡിന്റെ റോളിലും കളിച്ചത്. അര്ജുന് ജയരാജ്, മുഹമ്മദ് റാഷിദ്, അഖില്‍, ഫസലു റഹ്മാന്, നിജോ ഗില്‍ബര്‍ട്ട്, സല്മാന് കെ എന്നിവരാണ് കേരളത്തിന്റെ മധ്യനിരയില്‍ ചരട് വലിച്ചത്. മത്സരത്തിലെ നിര്‍ണായകമായ മൂന്ന് ഗോള്‍ സ്വന്തമാക്കിയതും മധ്യനിര താരംകൂടിയായ ക്യാപ്റ്റന്‍ തന്നെയാണെന്നത് അതിന്റെ ഉത്തമ ഉദഹാരണംകൂടിയാണ്.
അനുഭവ സമ്പത്ത് ആവോളമുള്ള മധ്യനിര കൃത്യ സമയത്ത് മുന്നേറ്റത്തിലേക്ക് പന്തെത്തിച്ച് കൊണ്ടിരുന്നു. ആദ്യ പത്ത് മിനുട്ടിനുള്ളില്‍ തന്നെ ഗോള്‍ നേടിയതോടെ മത്സരം ജയിക്കാമെന്ന ആത്മവിശ്വാസം കേരളത്തിന് ലഭിച്ചു. ഇതോടെ മത്സരത്തില്‍ ലവലേശം സമ്മര്‍ദമില്ലാതെയാണ് കേരള താരങ്ങള്‍ പന്തു തട്ടിയത്. ഒന്ന് രണ്ട് തവണ മാത്രമേ കേരള ബോക്സിനകത്ത് രാജസ്ഥാന് കടക്കാനും സമ്മര്‍ദം ചെലുത്താനും കഴിഞ്ഞുള്ളു. രാജസ്ഥാന്റെ മറ്റുള്ള എല്ലാ ശ്രമവും കേരളം മുളയിലേ നുള്ളി. ആര്‍ത്തിരമ്പുന്ന സ്റ്റേഡിയത്തിന്റെ പിന്തുണകൂടി കേരള താരങ്ങള്‍ക്ക് ലഭിച്ചതോടെ മത്സരത്തില്‍ പിന്നീട് കേരളത്തിന് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
വെസ്റ്റ് ബംഗാളിനെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിലെ പ്രകടനം പുറത്തെടുത്താല്‍ പയ്യാനാട്ടില് നടക്കുന്ന രണ്ടാം മത്സരവും കേരളത്തിന്റേതാക്കി മാറ്റാമെന്നതില്‍ സംശയമില്ല. ആദ്യ മത്സരത്തില്‍ പഞ്ചാബുമായി ഏറ്റുമുട്ടിയപ്പോള്‍ ഒരു ഗോളിനായിരുന്നു വെസ്റ്റ് ബംഗാള്‍ ജയിച്ചത്. പഞ്ചാബിനെതിരേ അത്ര മികച്ച പ്രകടനമല്ല വെസ്റ്റ് ബംഗാള്‍ നടത്തിയത്. അതിനാല്‍ രണ്ടാം മത്സരത്തിലും അല്പം ജാഗ്രത പുലര്‍ത്തിയാല്‍ കേരളത്തിന് വിജയവുമായി മടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.