ലാലിഗ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് കേരളത്തില്‍

ലാലിഗ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് കേരളത്തില്‍ നിന്നാണെന്ന് ലാലിഗ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ഹോസെ അന്റോണിയോ കകാസ. മത്സരങ്ങള്‍ ഇന്ത്യയിൽ തത്സമയം കാണുന്നവരില്‍ 23 ശതമാനവും കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷമായി കേരളത്തിലെ പ്രേക്ഷരുടെ എണ്ണം കൂടിവരികയാണ്.
ഇന്ത്യയില്‍ ലാലിഗയുടെ ഓഫീസ് തുറന്നതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ലാലിഗ ഇന്ത്യയുടെ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ലാലിഗ ഇന്ത്യയില്‍ 30ലേറെ അക്കാദമികള്‍ ആരംഭിച്ചിച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയില്‍ പ്രതീക്ഷിച്ച ഫലമുണ്ടാവാത്തതിനാല്‍ ഇവയെല്ലാം പൂട്ടി. അക്കാദമികള്‍ വീണ്ടും പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ലാലിഗ സൂപ്പര്‍ ക്ലബ്ബുകള്‍ ഇന്ത്യയില്‍ പര്യടനം നടത്തില്ല. വലിയ സാമ്പത്തിക ചെലവാണ് കാരണം. അടുത്ത വര്‍ഷം ഇക്കാര്യങ്ങളുള്‍പ്പെടെ പരിഗണനയിലുണ്ട്. ഇന്ത്യയില്‍ ക്രിക്കറ്റിനാണ് കൂടുതല്‍ ആരാധകര്‍. ക്രിക്കറ്റ് വഴി ഫുട്ബാളിന്റെ പ്രചാരണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അന്റോണിയോ പറഞ്ഞു. ലാലിഗ ഗ്ലോബല്‍ നെറ്റ്വർക്കിലെ ഇന്ത്യ ഡെലിഗേറ്റ് ആകൃതി വോഹ്റയും പ്രത്യേകമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു.
2018ല്‍ കൊച്ചിയില്‍ നടന്ന ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ കേരളാ ബ്ലാസ്റ്റേഴ്സിനും എ ലീഗിലെ മെല്‍ബണ്‍ എഫ്.സിക്കും എതിരേ ലാലിഗ ക്ലബായ ജിറോണ എഫ്.സി കളിച്ചിരുന്നു. ഇതായിരുന്നു ഇന്ത്യയിലേക്കുള്ള ഒരു ലാലീഗ ക്ലബിന്റെ ആദ്യത്തെ സന്ദർശനം.