കേരളത്തിന് നൂറുമാര്‍ക്ക്, എങ്കിലും കരുതിയിരിക്കണം

സന്തോഷ് ട്രോഫിയിൽ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളം പ്രതീക്ഷക്കൊത്ത പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ വെസ്റ്റ് ബംഗാളിനെയും തുരത്തി.
വെസ്റ്റ് ബംഗാളിനെതിരേയുള്ള മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ കേരളത്തിന് അല്പം കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ടീമിന്റെ പ്രകടനത്തില്‍ പരിശീലകന് ബിനോ ജോര്‍ജ് സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. പകരക്കാരായി കളത്തിലെത്തിയ യുവതാരങ്ങളുടെ വകയായിരുന്നു ഗോളുകള്‍.
അടുത്ത മത്സരത്തിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ. കൂടുതല്‍ ഓടാന്‍ കഴിയാത്ത പഞ്ചാബിന്റെ പ്രതിരോധത്തെ ഓടിത്തോല്പിക്കാന് സ്പീഡും കരുത്തുമുള്ള താരങ്ങളായ സഫ്നാദ്, സഹീഫ്, നൗഫല്‍ എന്നിവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടിവരും.
മേഘാലയക്കെതിരേയുള്ള മത്സരത്തില്‍ കേരളം വഴങ്ങിയ രണ്ട് ഗോളും എതിര് താരങ്ങളുടെ സ്പീഡില്‍ നിന്നായിരുന്നു പിറന്നത്. പലപ്പോഴും കൗണ്ടര്‍ അറ്റാക്കിലൂടെ കേരളത്തിന്റെ ഗോള്‍മുഖം പ്രതിരോധത്തിലാക്കാന്‍ മേഘാലയക്ക് കഴിഞ്ഞു. മുന്നേറ്റനിര പോലെ തന്നെ പ്രതിരോധത്തിലും കേരളത്തിന് ഏറ്റവും മികച്ച ശക്തിയുണ്ട്.
കേരള പൊലിസ് താരം ജി. സഞ്ജു, അജയ് അലകസ് എന്നിവരുടെ കൃത്യമായ ഇടപെടല്‍ കേരള ടീമില്‍ എടുത്ത് പറയേണ്ട കാര്യമാണ്. ത്രൂ ബോള്‍ നല്കി എതിര് ഗോള്‍ മുഖത്തെ പ്രതിരോധത്തിലാക്കാന്‍ മിടുക്കനാണ് അലക്സ് സജി. അതേ സമയം ഏരിയല്‍ ബോള്‍ അനായാസം നിയന്ത്രണത്തിലാക്കി പന്ത് കൃത്യമായി ഫൈനല്‍ തേഡിലേക്കും മിഡിലേക്കും പന്തെത്തിക്കുന്നതില്‍ സഞ്ജുവും മിടുക്ക് കാണിക്കുന്നുണ്ട്.
മേഘാലയക്കെതിരേയുള്ള മത്സരത്തില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് വരുത്തിയ പെനാല്‍റ്റി നഷ്ടമായിരുന്നു ഇതുവരെയുള്ള മത്സരത്തില്‍ കേരളത്തിന് എടുത്ത് പറയാന്‍ കഴിയുന്ന പിഴവ്. മേഘാലയക്കെതിരേയുള്ള മത്സരത്തില്‍ നിര്‍ഭാഗ്യവും കേരളത്തിന് തിരിച്ചടിയായി. ഇതുവരെയുള്ള മത്സരത്തില്‍ കളിച്ച അതേ കളി പുറത്തെടുത്താന്‍ അനായാസം പഞ്ചാബിനെ കീഴടക്കി സെമിയില്‍ പ്രവേശിക്കാനും കേരളത്തിന് കഴിയും.