സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മുത്തം; ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വെസ്റ്റ് ബംഗാളിനെ വീഴ്ത്തി

Haroon Rasheed
Kerala are champions of 75th Santosh Trophy
Kerala are champions of 75th Santosh Trophy / Nitheesh
facebooktwitterreddit

75മത് സന്തോഷ് ട്രോഫിയില്‍ കേരളം ചാംപ്യന്‍മാര്‍. ഫൈനലില്‍ വെസ്റ്റ് ബംഗാളിനെ തകര്‍ത്താണ് കേരളം ചാംപ്യന്‍മാരായത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയിലായതിനെ തുടര്‍ന്ന് മത്സരം അധിക സമയത്തേക്കും, അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലേക്ക് മത്സരം നീളുകയായിരുന്നു. പെനാല്‍റ്റിയില്‍ 5-4 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ വിജയം.

കർണാടകത്തിന് എതിരെ അണിനിരത്തിയ ആദ്യ ഇലവനില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. ഒരു മധ്യനിരതാരത്തിന് പകരം പ്രതിരോധ താരം നബി ഹുസൈന്‍ ഖാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 5-3-2 ഫോര്‍മേഷനിലാണ് വെസ്റ്റ് ബംഗാള്‍ ഇറങ്ങിയത്.

5ാം മിനുട്ടില്‍ തന്നെ ബംഗാളിന് അവസരം ലഭിച്ചു. വലതു കോര്‍ണറില്‍ നിന്ന് ഫര്‍ദിന് അലി മൊല്ല എടുത്ത കിക്ക് നബി ഹുസൈന്‍ ഹെഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 10ആം മിനുട്ടില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് പുറത്തുനിന്ന് നിജോ ഗില്‍ബേര്‍ട്ട് നല്‍കിയ പാസ് സ്‌ട്രൈക്കര്‍ വിക്‌നേഷിന് സ്വീകരിക്കാന്‍ സാധിച്ചില്ല.

19ആം മിനുട്ടില്‍ ഷികിലിനെ ബോക്‌സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് ഗോൾ ലക്ഷ്യമാക്കി വിട്ടെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. 23ആം മിനുട്ടില്‍ ബംഗാളിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും, അവസരം മുതലെടുക്കാൻ അവർക്ക് കഴിയാതെ വന്നതോടെ സ്കോർലൈൻ ഗോൾരഹിതമായി തുടർന്നു.

58ആം മിനുട്ടില്‍ കേരളത്തിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ബംഗാള്‍ പ്രതിരോധ പാസിങ്ങില്‍ വരുത്തിയ പിഴവില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് രണ്ട് ബംഗാള്‍ താരങ്ങളുടെ ഇടയിലൂടെ മുന്നേറി ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയി.

62ആം മിനുട്ടില്‍ ബംഗാളിന് ലഭിച്ച ഉഗ്രന്‍ അവസരം കേരളാ ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. പിന്നീട് അവസരങ്ങളൊന്നും പിറക്കാത്തതിനെ തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു.

97ാം മിനുട്ടില്‍ ബംഗാള്‍ ലീഡ് എടുത്തു. കേരളാ പ്രതിരോധ താരം സഹീഫ് വരുത്തിയ പിഴവില്‍ നിന്ന് പകരക്കാരനായി എത്തിയ സുപ്രിയ പണ്ഡിതിന് ലഭിച്ച പന്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. ബോക്‌സിന് അകത്ത്‌ നിന്നിരുന്ന ദിലിപ് ഒര്‍വാന്‍ കേരളാ കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി ഹെഡറിലൂടെ ഗോളാക്കി മാറ്റി.

114ആം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന് അവസരം ലഭിച്ചു. പോസ്റ്റ് ലക്ഷ്യമാക്കി ജിജോ ഒരു വോളി അടിച്ചെങ്കിലും ഗോളായി മാറിയില്ല. 117ആം മിനുട്ടില്‍ കേരളം സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. പെനാല്‍റ്റിയില്‍ ഒരു ബംഗാള്‍ താരം കിക്ക് പാഴാക്കിയതാണ് കേരളത്തിന് നേട്ടമായത്.


facebooktwitterreddit