Football in Malayalam

കേരളാ ബ്ലാസ്റ്റേഴ്സ് നാളെ കളത്തിലിറങ്ങും; പ്രീസീസണിലെ ആദ്യ പോരാട്ടത്തിൽ എതിരാളികൾ കേരള യുണൈറ്റഡ്

Gokul Manthara
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

2021-22 സീസണ് മുന്നോടിയായുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ മത്സരം നാളെ നടക്കും. വൈകിട്ട് 4 മണിക്ക് എറണാകുളത്തെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരള ഫുട്ബോളിലെ കരുത്തരായ കേരളാ യുണൈറ്റഡ് എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ‌. ക്ലബ്ബിന്റെ ഔദ്യോഗിക ‌യൂടൂബ് ചാനലിലൂടെ ആരാധകർക്ക് മത്സരം തത്സമയം വീക്ഷിക്കാം.

പ്രീസീസണിൽ ഇക്കുറി മൂന്ന് സൗഹൃദ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നാളെ കേരളാ യുണൈറ്റഡിനെതിരെ കളിക്കുന്ന മഞ്ഞപ്പട, അവർക്കെതിരെ തന്നെയാണ് രണ്ടാം സൗഹൃദ മത്സരത്തിലും ഏറ്റുമുട്ടുക. ഈ മാസം ഇരുപത്തിയേഴിനാണ് ഈ പോരാട്ടം. മൂന്നാം സൗഹൃദ മത്സരത്തിൽ ജമ്മു & കാശ്മീർ ബാങ്ക് എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരങ്ങളെല്ലാം വൈകിട്ട് 4 മണിക്കാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം പോലെ തന്നെ അവസാന രണ്ട് മത്സരങ്ങളും ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക യൂടൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.

ഇക്കുറി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വിദേശ താരങ്ങളായ അഡ്രിയാൻ ലൂണയും, എനസ് സിപ്പോവിച്ചും നിലവിൽ ടീം ഹോട്ടലിൽ ക്വാറന്റൈനിലാണ്. ഇതിനാൽ ഇവരിരുവരും നാളെ നടക്കാനിരിക്കുന്ന പ്രീസീസൺ മത്സരത്തിൽ കളിക്കാനുണ്ടാകില്ല. എന്നാൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുന്നതോടെ അവസാന മത്സരങ്ങളിൽ ഇവർ കളിക്കാൻ ഇറങ്ങിയേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവർക്ക് പുറമേ സാഫ് കപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ മുന്നൊരുക്ക ക്യാമ്പിലുള്ള സഹൽ അബ്ദുൾ സമദ്, രാഹുൽ കെപി, ജീക്സൺ സിംഗ് എന്നിവരുടെ സേവനവും സൗഹൃദ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല.‌ ഇത് തിരിച്ചടിയാണെങ്കിലും ഈ താരങ്ങളുടെ കുറവ് മറികടക്കാൻ ബാക്കിയുള്ള ടീമംഗങ്ങൾക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പ്.

അതേ സമയം സെർബിയക്കാരനായ ഇവാൻ വുക്കോമനോവിച്ച് പരിശീലകനായെത്തിയതിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം കൂടിയാണ് നാളത്തേത്. പുതിയ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സ് എത്രത്തോളം ഒത്തിണങ്ങിയെന്ന് ആരാധകർക്കും ഈ മത്സരത്തിലൂടെ കാണാൻ കഴിയും. അത് കൊണ്ടു ‌തന്നെ നാളെ വൈകിട്ട് നടക്കുന്ന പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

facebooktwitterreddit