ജയം മാത്രം ലക്ഷ്യമാക്കി എസ്.സി ഈസ്റ്റ് ബംഗാളിന് എതിരെ കേരള ബ്ലാസ്റ്റേഴ്‌സ്

ഐ.എസ്.എൽ പ്ലേ-ഓഫിൽ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളില്‍ മികച്ച ഫലങ്ങൾ കരസ്ഥമാക്കേണ്ടതുണ്ട്. അവസാന മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സിക്കെതിരെയുള്ള തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ-ഓഫ് പദ്ധതികളെ കീഴ്‌മേല്‍ മറിച്ചത്. എന്നാലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ കരുതലോടെ നീങ്ങിയാല്‍ മഞ്ഞപ്പടക്ക് പ്ലേ ഓഫ് പ്രതീക്ഷയുണ്ട്.
തിങ്കളാഴ്ച എസ്.സി ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. അതിന് ശേഷം എ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി, എഫ്.സി ഗോവ, ഹൈദരാബദ് തുടങ്ങിയ കരുത്തര്‍ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍. ഈ മത്സരങ്ങളിലെ ഫലമാകും ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയില്‍ നിര്‍ണായകമാവുക. ഈസ്റ്റ് ബംഗാള്‍ പട്ടികയില്‍ പത്താം സ്ഥാനക്കാരാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് ജാഗ്രതയോടെ നീങ്ങിയാല്‍ മാത്രമേ ജയം സ്വന്തമാക്കാന്‍ കഴിയൂ.
അവസാന മത്സരത്തില്‍ വുകമനോവിച്ച് പയറ്റിയ പദ്ധതിയില്‍ മാറ്റം വരുത്തുകയും നേരത്തെയുണ്ടായിരുന്ന ഫോര്‍മേഷനില്‍ ഇറങ്ങുകയും ചെയ്താല്‍ മഞ്ഞപ്പടക്ക് ജയം അനായാസം സ്വന്തമാക്കാം. പെരേര ഡയസിന്റെ അസാന്നിധ്യവും ലൂണയെ മധ്യനിരയില്‍ നിന്ന് പിന്‍വലിച്ചതുമായിരുന്നു അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.
ലൂണയെ മധ്യനിരയില്‍ കളിപ്പിച്ച് മത്സരത്തിന്റെ ചരട് വലിക്കാനുള്ള ഉത്തരവാദിത്തം താരത്തിന് നല്‍കിയാല്‍, മത്സരത്തിൽ കുറച്ച് കൂടി ആധിപത്യം സ്ഥാപിച്ച് കളിക്കാൻ ബ്ലാസ്റ്റേഴ്‌സിനാകുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ 14 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനെക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ച കൊമ്പന്മാർക്ക്, അടുത്ത രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ ആദ്യ നാലിലെ സ്ഥിര സാന്നിധ്യകാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.