Football in Malayalam

അപരാജിത കുതിപ്പ് തുടരാൻ കൊമ്പന്മാർ; ജംഷഡ്പുര്‍ എഫ്.സിക്കെതിരെ കരുതലോടെ കേരളാ ബ്ലാസ്റ്റേഴ്‌സ്

Haroon Rasheed
Blasters are unbeaten in six games
Blasters are unbeaten in six games / Indian Super League
facebooktwitterreddit

ഞായറാഴ്ച ജംഷഡ്പുര്‍ എഫ്.സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. അവസാന രണ്ട് മത്സരങ്ങളിൽ നിന്നായി ആറു ഗോളുകള്‍ നേടി ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് ആത്മവിശ്വാസത്തില്‍ തന്നെയാണെങ്കിലും ജംഷഡ്പുരിനെതിരേയുള്ള മത്സരം കൊമ്പന്മാര്‍ക്ക് കടുത്തതാകും. കാരണം പ്രീ സീസണ്‍ മത്സരത്തില്‍ ജംഷഡ്പുരെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് കടുത്ത മത്സരമായിരുന്നു നേരിടേണ്ടി വന്നത്.

മാത്രമല്ല പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിനെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ജംഷഡ്പുരിനെതിരേ കരുതലോടെ കളിച്ചില്ലെങ്കില്‍ മഞ്ഞപ്പടക്ക് അടിതെറ്റിയേക്കാം. വേഗതകൊണ്ട് മികച്ച നീക്കങ്ങള്‍ നടത്തുന്ന കോമള്‍ തട്ടാല്‍, അനുഭവ സമ്പത്ത് കൊണ്ട് മത്സരത്തിന്റെ ഗതിമാറ്റാന്‍ കഴിവുള്ള ജോര്‍ദാന്‍ മറെ, ഗോള്‍ ദാഹിയായ ഗ്രെഗ് സ്റ്റുവർട്ട് എന്നിവരുടെ നീക്കങ്ങള്‍ക്ക് തടയിട്ടാല്‍ ജംഷഡ്പുരിന്റെ മുന്നേറ്റങ്ങളെ ഒരുപരിധിവരെ തടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിയും കഴിയും.

അര്‍ധാവസരങ്ങള്‍ പോലും മുതലാക്കാന്‍ കഴിയുന്ന നെരിജസ് വാള്‍സ്‌കിസ് ജംഷഡ്പുര്‍ നിരയില്‍ ഇല്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് അത് അനുഗ്രഹമാകും. പരുക്കേറ്റ വാൾസ്‌കിസ് ബംഗളൂരുവിനെതിരേയുള്ള അവസാന മത്സരത്തില്‍ ജംഷഡ്പുര്‍ നിരയില്‍ ഉണ്ടായിരുന്നില്ല.

അതേ സമയം, ചെന്നൈയിന്‍ എഫ്.സിക്കെതിരേ കളിച്ച അതേ ഇലവന്‍ തന്നെയായിരിക്കും ജംഷഡ്പുര്‍ എഫ്.സിക്കെതിരേയുള്ള മത്സരത്തിലും പരിശീലകന്‍ വുകമനോവിച്ച് അണിനിരത്തുക എന്നാണ് സൂചനകള്‍. കാരണം ചെന്നൈയിനെതിരേയുള്ള മത്സരശേഷം അദ്ദേഹം താരങ്ങളുടെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തനാണെന്നും ടീം കോമ്പിനേഷന്‍ കണ്ടെത്തിയെന്നും വ്യക്തമാക്കിയിരുന്നു.

വിദേശ താരങ്ങളായ അഡ്രിയാന്‍ ലൂണ, പെരേര ഡയസ്, അല്‍വാരോ വാസ്‌ക്‌സ് എന്നിവര്‍ ഫോമിലേക്കുയര്‍ന്നത് മഞ്ഞപ്പടക്ക് കരുത്താണ്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെയും ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം. കോച്ചിന്റെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്ത സഹല്‍ സീസണില്‍ ഇതുവരെ മൂന്ന് ഗോളുകളാണ് സ്വന്തമാക്കിയത്. അവസാന രണ്ട് മത്സരങ്ങളിലും കളിച്ച 4-4-2 ലൈനപ്പില്‍ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ശക്തമായ പ്രതിരോധം നിലനില്‍ക്കുന്നതോടൊപ്പം സഹല്‍, ജീക്ക്‌സണ്‍, പുട്ടിയ, ലൂണ, വാസ്‌ക്‌സ്, പെരേര ഡയസ് എന്നിവര്‍ക്ക് അനായാസം മത്സരത്തില്‍ ഇടപെടാന്‍ കഴിയുന്ന രീതിയിലാണ് ഫോര്‍മേഷന്‍ സെറ്റ് ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit